X

തീവ്ര മേതതരത്വം രാജ്യത്തിന്റെ സംസ്കാരത്തെ നശിപ്പിക്കാന്‍ കണ്ടെത്തിയ ഉപാധിയെന്ന് മോദി; അവാര്‍ഡ് വാപസി ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് വിദേശ സഹായം

നോട്ടുനിരോധനത്തെ ന്യായീകരിച്ച മോദി, അതേക്കുറിച്ച് കൂടുതല്‍ വിശദമാക്കാന്‍ തയ്യാറായില്ല.

രാജ്യത്തിന്റെ സംസ്കാരത്തെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തീവ്ര മതേതരത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രദേശീയവാദം എന്ന ആക്ഷേപം രാജ്യസ്‌നേഹത്തെ പരിഹസിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ വിശദമായ അഭിമുഖത്തിലാണ് പ്രധാനമന്ത്രി രാജ്യസ്‌നേഹത്തെയും മതേതരത്വത്തെയും വ്യത്യസ്ത ധ്രുവങ്ങളില്‍ പ്രതിഷ്ഠിച്ചത്.

ബാലക്കോട്ട് ആക്രമണത്തിന് ശേഷം തീവ്ര ദേശീയതയില്‍ ഊന്നിയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം മോദി തള്ളി കളഞ്ഞു. തന്റെ പ്രസംഗങ്ങളില്‍ കൂടുതല്‍ ഊന്നല്‍ വികസനത്തിനാണ്. എന്നാല്‍ ഇതിന് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കാറില്ല. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന് ഭീകരപ്രവര്‍ത്തനത്തെയും സൈനികരുടെ ജീവത്യാഗവും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തന്നെയാണെന്നും അതിദേശീയ വാദമല്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചത് ഇന്ദിരാഗാന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. 1971 യുദ്ധത്തിലെ വിജയത്തിന്റെ നേട്ടം ഇന്ദിരാഗാന്ധിയ്ക്കാണെന്ന് വരുത്തി തീര്‍ത്തായിരുന്നു ഇതെന്നും മോദി ബംഗ്ലാദേശ് മോചനത്തെ സൂചിപ്പിച്ച് പറഞ്ഞു. അന്ന് അതില്‍ ഒരു കുറ്റവും കാണാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.

മഹാത്മാഗാന്ധി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത് രാജ്യസ്‌നേഹത്തില്‍ പ്രചോദിതമായാണ്. അത് തന്നെയാണ് സര്‍ക്കാരിന്റെ വിവിധ പദ്ധതികളെയും നയിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അവാര്‍ഡ് വാപസിയേയും സര്‍ക്കാരിനെതിരെ പ്രസ്താവനകളിറക്കുന്നവരെയും മോദി പരിഹസിച്ചു. ഇത്തരത്തില്‍ വിവിധ സംഘടനകള്‍ക്കുള്ള ധന സ്രോതസ് വിദേശത്താണ്. സര്‍ക്കാര്‍ വന്നതിന് ശേഷം നിയമങ്ങള്‍ കര്‍ശനമാക്കി. ഇപ്പോള്‍ ഈ സംഘടനകള്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി ആരോപിച്ചു. ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയതിനെ മോദി ന്യായീകരിച്ചു. വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഹൃസ്വകാലത്ത് കുറവുണ്ടാകും. 1991 ല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയതിന് ശേഷവും ഇത് സംഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നോട്ടുനിരോധനത്തെക്കുറിച്ച് കൂടുതല്‍ വിശദമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ മോദിയും ബിജെപി നേതാക്കളും നോട്ടുനിരോധനത്തെയും ജിഎസ്ടിയേയും കുറിച്ച് പരാമര്‍ശിക്കാറില്ല.

2014 ല്‍ ബിജെപി എന്‍ഡിഎ സഖ്യമായാണ് മല്‍സരിച്ചതെങ്കില്‍ ഇപ്പോള്‍ ഭാരതത്തിലെ ജനങ്ങളോട് ചേര്‍ന്നാണ് മല്‍സരിക്കുന്നതെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിന് വിജയപ്രതീക്ഷയില്ലെന്ന് അവരുടെ പ്രകടന പത്രിക കണ്ടാല്‍ മനസ്സിലാകുമെന്ന് മോദി ആരോപിച്ചു. അഴിമതിയുടെ കാലത്തേക്ക് രാജ്യത്തെ മടക്കി കൊണ്ടുപോകാനാണ് രാഹുല്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലില്‍ നാരങ്ങനീരു ചേര്‍ത്ത് വികലമാക്കുന്നതുപോലുള്ള പ്രവര്‍ത്തനങ്ങളിലാണ് കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്ര പോരാട്ടത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പറയുന്ന കോണ്‍ഗ്രസിന് പക്ഷെ ഒരു പ്രത്യയശാസ്ത്രവും മുന്നോട്ടുവെയ്ക്കാനില്ലെന്നും മോദി ആരോപിച്ചു.

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ എന്തിനാണ് യോജിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്നും മോദി പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ ഒന്നിച്ചു നിന്നത് അടിയന്തരാവസ്ഥയെ എതിര്‍ക്കാനായിരുന്നു. വ്യക്തി താല്‍പര്യങ്ങള്‍ക്കും സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുമാണ് ഇപ്പോള്‍ വിവിധ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ ശക്തമായ സര്‍ക്കാര്‍ ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

This post was last modified on April 17, 2019 9:35 am