(ദി ടെലിഗ്രാഫ് ദിനപത്രത്തിന്റെ ഡല്‍ഹി എഡിറ്റര്‍ മാനിനി ചാറ്റര്‍ജി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)
അവരുടെ ആര്‍ജ്ജവത്തിന്, കാര്യങ്ങള്‍ അതുപോലെ പറയുന്നതിന്, കുറഞ്ഞപക്ഷം നമ്മള് മറന്നിരുന്ന, 1992ലെ ആ കറുത്ത ദിവസം അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ സത്യത്തെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിച്ചതിന് ഉമാഭാരതി മുഴുവന്‍ പ്രശംസയും അര്‍ഹിക്കുന്നു.
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ നൂറുകണക്കിന് കര്‍സേവകര്‍ക്കെതിരെ ലഖ്നൗ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയ്ക്ക് ഒപ്പം തന്നെ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, ബിജെപിയിലെയും വിശ്വഹിന്ദു പരിഷത്തിലെയും മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ വിചാരണയും നടത്താമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഏപ്രില്‍ 19-ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്.
‘അതിന്റെ അധികാര പരിധിയില്‍ വരുന്ന ഏത് കേസുകളിലും വിഷയങ്ങളിലും പൂര്‍ണമായി നീതി നടപ്പിലാക്കുന്നതിന് അത്യാവശ്യമായ അത്തരത്തിലുള്ള തീര്‍പ്പുകളോ അല്ലെങ്കില്‍ അത്തരത്തിലുള്ള ഉത്തരവുകളോ സുപ്രീം കോടതി പുറപ്പെടുവിക്കേണ്ടതാണ്…’ എന്ന് വിശദീകരിക്കുന്ന ഭരണഘടനയുടെ 142 -ആം വകുപ്പ് ജസ്റ്റിസുമാരായ പിസി ഘോഷും റോഹിങ്ടണ്‍ എഫ് നരിമാനും അടങ്ങുന്ന രണ്ടംഗ ബഞ്ച് ഉയര്‍ത്തിക്കാട്ടി.
അതിന്റ സമ്പൂര്‍ണ അധികാരം ഉപയോഗിക്കുന്നതിനുള്ള ആമുഖമായി ജഡ്ജിമാര്‍ ഇങ്ങനെ കൂടി രേഖപ്പെടുത്തി: ‘142-ാം വകുപ്പ് വായിക്കുമ്പോള്‍ ലാറ്റിന്‍ പ്രമാണമായ ഫിയാറ്റ് ജസ്റ്റിഷ്യ റുവാട്ട് കേയ്ലം ആണ് ആദ്യം മനസിലെത്തുക- സ്വര്‍ഗം തകര്‍ന്നുവീണാലും നീതി നടപ്പിലാവട്ടെ.’
ഇത് കടുത്ത വാക്കുകള്‍ ആണെന്ന് മാത്രമല്ല, കേസ് പുനഃപരിശോധിക്കുകയും ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും മൃഗീയ ഭൂരിപക്ഷമുള്ള ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ നേതാക്കളെ വിചാരണയ്ക്ക് അയക്കുകയും ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബഞ്ചിന് നല്ല ബോധ്യമുണ്ടെന്ന് ഇത് അടിവരയിടുകയും ചെയ്യുന്നു.
കാവി പരിവാര്‍ മിക്കപ്പോഴും വിവരിക്കുന്നത് പോലെ വെറും ‘ഒരു പഴയ കെട്ടിടം’ ഇടിക്കുക മാത്രമല്ല, തകര്‍ക്കല്‍ എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉത്തരവ് ഇങ്ങനെ പറയുന്നു, ‘ഇപ്പോഴുള്ള കേസില്‍, ഇന്ത്യന്‍ ഭരണഘടനയുടെ മതേതര ഘടനയെ പിടിച്ചുകുലുക്കിയ കുറ്റകൃത്യം നടന്നത് 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്നാണ് ആരോപിക്കപ്പെടുന്നത്.’
രണ്ട് കേസുകളും ഒന്നിച്ചാക്കുക മാത്രമല്ല കോടതി ചെയ്തത്. ഇപ്പോഴത്തെ ഘട്ടത്തില്‍ നിന്നും ദൈനംദിന വിചാരണ നടത്തി രണ്ട് വര്‍ഷം കൊണ്ട് കേസ് പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തു. അദ്വാനി, ജോഷി, ഭാരതി മുതലായവര്‍ക്കെതിരെ പുനഃസ്ഥാപിച്ചിരിക്കുന്ന ‘കുറ്റകരമായ ഗൂഢാലോചന’ ഉള്‍പ്പെടെ നിരവിധി കേസുകളാണ് പ്രതികള്‍ നേരിടുന്നത്.
താന്‍ കുറ്റവാളിയല്ലെന്ന് പ്രഖ്യാപിക്കുന്നതിനായി ‘ഗൂഢാലോചന’ എന്ന വാക്കിനെയാണ് ഭാരതി കയറിപ്പിടിച്ചത്. ‘ഒരു ഗൂഢാലോചനയും ഉണ്ടായിരുന്നില്ല. എല്ലാം പ്രത്യക്ഷത്തിലായിരുന്നു,’ എന്നാണ് ഒരു കാലത്തെ തീപ്പൊരി സന്യാസി പറഞ്ഞത്. രാമജന്മഭൂമി പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ തനിക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്നും ക്ഷേത്രം നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി വിധിയോട് ബിജെപി നേതൃത്വം പുലര്‍ത്തിയ അര്‍ത്ഥഗര്‍ഭമായ മൗനത്തില്‍ നിന്നും വ്യത്യസ്തമായി ഉമാഭാരതി ആക്രമണോത്സുകയും പശ്ചാത്താപരഹിതയുമായാവാം പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവുക. പക്ഷെ, അയോധ്യയില്‍ നടന്ന കുറ്റകൃത്യത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സത്യത്തെ തുറന്നുകാണിക്കുക കൂടിയായിരുന്നു അവര്‍. രോഷാകുലരായ കര്‍സേവകര്‍ പള്ളി തകര്‍ത്തതിന് ശേഷം കേസില്‍ തറയ്ക്കപ്പെട്ട നിയമസങ്കീര്ണതകളാല് മറയ്ക്കപ്പെട്ടതായിരുന്നു ഈ സത്യം.
അതിന്റെ ‘ക്രിമിനല്‍’ മുന്‍നിശ്ചയത്തിന് മേല്‍ നിഴല്‍വീഴ്ത്തുന്നതാണ് ‘ഗൂഢാലോചന’ എന്ന ആരോപണം. അതുപോലെ തന്നെയാണ് പള്ളിപൊളിക്കുന്നതിലേക്ക് നയിച്ച നീണ്ട സംഭവപരമ്പരകളുടെ ശൃംഖലയെക്കാള്‍ കൂടുതല്‍ പ്രാധാന്യം അത് പ്രത്യക്ഷത്തില്‍ തകര്‍ത്തതിന് ലഭിച്ചതും.
‘നിയമവിരുദ്ധമോ അല്ലെങ്കില്‍ ഹാനികരമോ ആയ എന്തെങ്കിലും ചെയ്യുന്നതിന് ഒരു സംഘമിടുന്ന രഹസ്യപദ്ധതി,’ എന്നാണ് ‘ഗൂഢാലോചന’ എന്ന വാക്കിന് നിഘണ്ടു നല്കുന്ന അര്‍ത്ഥം. പള്ളി പൊളിക്കുന്നതിനായി ഒരു ചെറുസംഘം കര്‍സേവകര്‍ക്ക് രഹസ്യമായി പരിശീലനം നല്‍കിയെന്നും ഇപ്പോള്‍ പ്രതിചേര്ക്കപ്പെട്ടിരുന്നവര് ഉള്‍പ്പെടെ വളരെ കുറച്ച് നേതാക്കള്‍ക്ക് മാത്രമേ ഈ രഹസ്യ പദ്ധതിയെ കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നുള്ളു എന്നും തെളിയിക്കുന്നതിന് ഒരുപാട് ശ്രമങ്ങള്‍ നടന്നു.
എന്നാല്‍ ഈ വസ്തുതയ്ക്ക് വലിയ പ്രസക്തിയില്ല. ഒരു രഹസ്യപദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും ഇല്ലെങ്കിലും, ബിജെപി സംഘടനയുടെയും മൊത്തം സംഘപരിവാറിന്റെയും പിന്തുണയോടെ അദ്വാനിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷത്തിലുള്ളതും ലജ്ജാഹീനവും വലിയ പ്രചാരം നല്കിയതും, വിദ്വേഷപൂരിതമായ രീതിയില്‍ കൃത്രിമം നടത്തിയതും പ്രത്യയശാസ്ത്രപരമായി നയിക്കപ്പെട്ടും രാഷ്ട്രീയമായി ആസൂത്രണം ചെയ്യപ്പെട്ടതുമായ ഒരു പ്രസ്ഥാനത്തിന്റെ മൂര്‍ദ്ധന്യമാണ് ആ ശിശിര സായ്ഹാനത്തില്‍ അയോധ്യയില്‍ സംഭവിച്ചത് എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം.
ഇപ്പോള്‍ ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷെ, 1980-കളുടെ അവസാനം വരെ, തര്‍ക്ക മന്ദിരത്തിന്റെ ഗേറ്റുകള്‍ തുറന്നുകൊടുക്കാന്‍ 1986-ല്‍ ഫൈസാബാദ് കോടതി ഉത്തരവിട്ടതിന് ശേഷവും സാധാരണ ഹിന്ദുക്കളില്‍ വിശാല ഭൂരിപക്ഷത്തിന്റെ പ്രജ്ഞയില്‍ രാമജന്മഭൂമി പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാത്രമല്ല എതെങ്കിലും ഹിന്ദുത്വ സൈദ്ധാന്തികരുടെ എഴുത്തുകളില്‍ അത് പരാമര്ശിക്കപ്പെട്ടിരുന്നുമില്ല.
രാമന് പിറന്നുവീണ ‘അതേ സ്ഥലത്ത്’ തന്നെ ഒരു ക്ഷേത്രം ‘ഉയരണമെന്ന്’ 1980 കള്‍ മുതല്‍ തന്നെ വിഎച്ച്പി ആവശ്യപ്പെടാന്‍ തുടങ്ങിയിരുന്നെങ്കിലും, 1989ല്‍ അതിന്റെ പാലമ്പൂര്‍ പ്രമേയത്തിലൂടെ ഈ ആവശ്യത്തെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചതിന് ശേഷമാണ് അതിന് ജീവന് വച്ചത്. ‘സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ ജനകീയപ്രസ്ഥാനം,’ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ മുറുകെപ്പിടിച്ചുകൊണ്ട്, 1990 സെപ്തംബറില്‍ എട്ട് സംസ്ഥാനങ്ങളിലൂടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന രഥയാത്രയുമായി അദ്വാനി ഈ പ്രമേയത്തിന് പിന്നാലെ ഇറങ്ങി.
രഥയാത്രയിലുടനീളം ‘ന്യൂനപക്ഷ പ്രീണന’ത്തെയും ‘കപട മതേതരത്വ’ത്തെയും കുറിച്ച് അദ്വാനി സംസാരിക്കുകയും, അനുയായികള്‍ ബാബറി മസ്ജിദ് പൊളിക്കുമെന്നും അവിടെ തന്നെ ക്ഷേത്രം പണിയുമെന്നും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. രക്തരൂക്ഷിത കലാപത്തിലേക്ക് നയിച്ച അദ്വാനിയുടെ അറസ്റ്റിന് ശേഷവും ഈ മുദ്രാവാക്യങ്ങളും വികാരതീവ്രമായ പടയൊരുക്കങ്ങളും തുടരുകയും 1991ല്‍ ഉത്തര്‍പ്രദേശില്‍ ആദ്യമായി ബിജെപിക്ക് ഒറ്റ്ക്ക് ഭൂരിപക്ഷം നേടാന്‍ സഹായിക്കുകയും ചെയ്തു.
പക്ഷെ ആ വിജയം ഒരു പുതിയ ഉത്തരവാദിത്വബോധത്തിലേക്ക് നയിച്ചില്ല: കൂടുതല്‍ ധ്രുവീകരണത്തിനുള്ള അഭിവാഞ്ച അത് വര്‍ദ്ധിപ്പിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ അത് കാരണമാവുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ നമ്മള് വീണ്ടും കാണുന്ന പ്രവണതകളില്‍ നിന്നും ഒട്ടും വ്യത്യസ്തമായ ഒന്നായിരുന്നില്ല അത്. ക്ഷമയ്ക്കും ചര്‍ച്ചയ്ക്കും അല്ലെങ്കില്‍ കോടതി ഉത്തരവിനും വേണ്ടിയുള്ള അപേക്ഷകള്‍ നിലനില്‍ക്കുമ്പോഴും, തര്‍ക്കഭൂമിയില്‍ 1992 ഡിസംബര്‍ ആറിന് ഒരു സമ്മേളനം സംഘടിപ്പിക്കുന്നതില്‍ ബിജെപി-ആര്‍എസ്എസ്-വിഎച്ച്പി നേതൃത്വം ഉറച്ചു നിന്നു. ഒരു നിശ്ചിത ദൂരത്തില്‍ നിന്നുകൊണ്ട് കര്‍സേവകര്‍ പ്രാര്‍ത്ഥിക്കുകയും ഭജനകള്‍ പാടുകയും മാത്രമേ ചെയ്യൂ എന്ന് സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയതിന് ശേഷമായിരുന്നു ഇത്. പകരം നേതാക്കള്‍ വികാരവിക്ഷുബ്ദമായ പ്രസംഗങ്ങള്‍ നടത്തി.
‘ജനവികാരത്തിന്റെ’ നൈസര്‍ഗിക വിസ്ഫോടനമായിരുന്നു പിന്നീട് സംഭവിച്ച ഭ്രാന്തെന്നാണ് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ ഉറപ്പിച്ച് പറയുന്നത്. എന്നാല്‍ അതൊരു ഗൂഢാലോചനയല്ലെങ്കില്‍, അതൊരു ‘ജനരോഷവുമല്ല.’ പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തില്‍ നിന്നും കലാപം ആളിക്കത്തിക്കുന്ന അപക്വമായ ഒന്നാണ് ആള്‍ക്കൂട്ടം. മറിച്ച്, വിദ്വേഷ പ്രചാരണം സ്ഥിരമായി കുത്തിവെച്ച് പരിപോഷിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്ത, ഒരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച ഒന്നായിരുന്നു അയോധ്യയിലെ ആള്‍ക്കൂട്ടം. മാത്രമല്ല സര്‍ക്കാര്‍ അധികാരം അതിനെ ദത്തെടുക്കുകയും നിയമപരിരക്ഷ നല്‍കുകയും ചെയ്തു.
തന്റെ കണ്മുമ്പില് വച്ച് പള്ളി തകര്‍ക്കപ്പെട്ടത് തന്നെ ഞെട്ടിച്ചുവെന്ന് അവകാശപ്പെട്ട അദ്വാനി, ഇത് തന്റെ ജീവിതത്തിലെ ‘ഏറ്റവും ദുഃഖപൂര്‍ണമായ’ ദിവസമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അത് ശരിയാണെങ്കില്‍ പോലും അദ്ദേഹം ചെയ്ത അപരാധത്തില്‍ നിന്നും അത് അദ്ദേഹത്തെ മോചിപ്പിക്കുന്നില്ല: കലുഷിതമായ ഒരു ബഹുജന പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുകയും പിന്നീട് അതിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നത് നേതൃത്വത്തിന്റെ നിന്ദ്യമായ പരാജയമാണ് എന്ന് മാത്രമല്ല അത് കുറ്റകൃത്യത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയേ ഉള്ളു.
ബാബറി മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മനഃസാക്ഷിയില്‍ സ്ഥായിയായ മുറിവുണ്ടാക്കുകയും പൈശാചിതകയുടെ ദീര്‍ഘമായ പാടുകള്‍ സൃഷ്ടിക്കുകയും ചെയ്തു. രാജ്യത്തെമ്പാടുമുള്ള കലാപങ്ങള്‍, ബോംബെ സ്ഫോടനങ്ങള്‍, ഗോദ്ര-ഗോദ്രാനന്തര കലാപങ്ങള്‍ ഇവയ്ക്കൊന്നും ഇനിയും അന്ത്യം കണ്ടെത്താനായിട്ടില്ല.
ലൗഖ്നൗ കോടതിയില്‍ നടക്കുന്ന വിചാരണ വേഗത്തിലാക്കാനും ഒരു പക്ഷെ ചില ശിക്ഷകള്‍ പ്രഖ്യാപിക്കപ്പെടാനും സുപ്രീം കോടതി വിധി വഴിവെച്ചേക്കാം. 16ാം നൂറ്റാണ്ടിലെ ഒരു പള്ളിയെയും 20ാം നൂറ്റാണ്ടിലെ ഭരണഘടനയെയും തകര്‍ത്തതിന്റെ കുറ്റത്തിന് ആത്മാര്‍ത്ഥമായി പശ്ചാത്താപിക്കാനും കൃത്രിമരഹിതമായ അനുരഞ്ജനത്തിനും സത്യസന്ധമായ ഒരു പ്രതിജ്ഞ എടുക്കാനും രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ തേരോടിക്കുന്നവര്ക്കും പിന്നില്‍ നിന്ന് ആര്പ്പുവിളിക്കുന്നവര്ക്കും സാധിക്കുമ്പോള്‍ മാത്രമേ അയോധ്യയിലെ വിശാല വിചാരണ അവസാനിക്കൂ.
പക്ഷെ അത് സംഭവിക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. തുടര്‍ന്നുകൊണ്ടേയിരിക്കുന്ന തിരഞ്ഞെടുപ്പ് വിജയങ്ങളിലുള്ള ഉന്മത്തതയും 2019ല്‍ അധികാരത്തിലേക്ക് മടങ്ങിയെത്താമെന്ന ആത്മവിശ്വാസവും തര്‍ക്കപ്രദേശത്ത് ഒരു മണിമന്ദിരം കെട്ടിപ്പൊക്കുന്നതിനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ ബിജെപിയെ പ്രേരിപ്പിക്കാനാണ് സാധ്യത.
പക്ഷെ അത് എത്ര പ്രൗഢമായാലും, ഭൂരിപക്ഷത്തിന്റെ ശക്തിയുടെ ബലത്തിലാണ് അത് നിര്‍മ്മിക്കപ്പെടുന്നതെങ്കില്‍ യുപിയിലെ മറ്റേതൊരു മണിമാളികയുടെയും അരികിലെത്തുകയോ അല്ലെങ്കില്‍ തതുല്യമാവുയോ ചെയ്യില്ല എന്ന കാര്യമാണ് ബിജെപി തിരിച്ചറിയാതിരിക്കുന്നത്. പ്രേമത്തിന്റെ കാലാതിവര്‍ത്തിയായ സ്മാരകമാണ് താജ്മഹലെങ്കില്‍ വിദ്വേഷപ്രഘോഷണത്തിന്റെ മേല്കോയ്മാ ചിഹ്നമായി എക്കാലവും രാമക്ഷേത്രം അറിയപ്പെടും. അത് ദൈവഭക്തിക്കും പ്രാര്‍ത്ഥനയ്ക്കുമുള്ള ഒരിടമായിരിക്കില്ല.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Leave a Comment