X

ആവിഷ്കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞ് ചങ്ങല പിടിക്കാന്‍ ആരും ഈ വഴി വന്നേക്കരുത്

പിണറായിയുടെ കീഴിലെ മോദി പോലീസിനെക്കാള്‍ ഏറെ ഭയപ്പെടുത്തുന്നത് ഇടതു സാംസ്കാരിക ലോകത്തിന്റെ നിശബ്ദത തന്നെയാണ്

ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സിനിമകളെക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ദേശീയഗാനമായിരുന്നു. തിയറ്ററിനുള്ളില്‍ സിനിമാ പ്രദര്‍ശനത്തിന് തൊട്ട് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് തൊട്ട് പിന്നാലെ വന്ന ചലച്ചിത്രോത്സവം എന്ന നിലയില്‍ ഇത് ഏറെ വാദപ്രതിവാദങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ദേശീയഗാന സമയത്ത് ഇരുന്നു പ്രതിഷേധിച്ച ഫെസ്റ്റിവല്‍ ഡെലിഗേറ്റുകളെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതുവരെ സംഗതി എത്തി. പോലീസ് അങ്ങനെയൊക്കെ ചെയ്തെങ്കിലും  സംഭവത്തില്‍ അടങ്ങിയിരിക്കുന്ന രാഷ്ട്രീയ ധ്വനികളുടെ തിരിച്ചടി പി എമ്മിന് മനസിലാകുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചേ പറ്റൂ എന്നു നിയമ –സാംസ്കാരിക മന്ത്രി എ കെ ബാലന്‍ സമാപന സമ്മേളനത്തില്‍ കുമ്പസരിച്ചത്. (ആളു കൂടുന്ന ഇടങ്ങളിളെല്ലാം ദേശീയ ഗാനം കേള്‍പ്പിക്കണം എന്നു ബാലന്‍ മന്ത്രി ഈയിടെ പ്രസ്താവന നടത്തിയതായും കണ്ടിരുന്നു)

നിയമത്തിന്റെ നടത്തിപ്പുകാരനായ മന്ത്രി അങ്ങനെ പറയട്ടെ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാരും സംഘ പരിവാറിന്റെ തീവ്ര ദേശീയതയെ നഖശിഖാന്തം എതിര്‍ക്കുന്നവരുമായ ഇടതു പക്ഷ യുവജന സാംസ്കാരിക ലോകം എന്തുകൊണ്ടാണ് ഇങ്ങനെ മൌനം ദീക്ഷിക്കുന്നത് എന്നാണ് മനസിലാകാത്തത്.

ഇപ്പോഴിതാ തന്റെ ഒരു വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവലില്‍ ദേശീയ ഗാനത്തെ അനാദരിച്ചു എന്നാരോപിച്ചു യുവ എഴുത്തുകാരന്‍ കമല്‍ സി ചവറയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കമലിന്റെ നോവലിലെ സ്‌കൂള്‍ പശ്ചാത്തലമായ ഒരു ഭാഗത്ത് ദേശീയ ഗാനം ചൊല്ലാനുള്ള സമയമാകുമ്പോള്‍ ചില കുട്ടികള്‍ മൂത്രമൊഴിക്കണമെന്ന് പറയുമ്പോള്‍ അധ്യാപകര്‍ സമ്മതിക്കുന്നില്ല. ആതിന് പ്രതികരണമായി ‘ജനഗണനമന ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതിനേക്കാള്‍ പ്രധാനം മൂത്രമൊഴിക്കുകയാണ്. അതുകൊണ്ട് അച്ചടക്കമില്ലാത്ത ഒരു കുട്ടിയാവാനാണ് താനിഷ്ടപ്പെടുന്നത്’ എന്നു ഒരു കുട്ടി പറയുന്നുണ്ട്. ഈയിടെ ഈ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ കമല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ ദേശസ്നേഹത്തെ ചൊറിപ്പെടുത്തിയതും പരാതിയിലേക്ക് നയിച്ചതും.

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതി കിട്ടിയ ഉടനെ പിണറായിയുടെ കീഴിലെ മനോവീര്യം കൂടിയ പോലീസ് തന്റെ വീട്ടില്‍ വന്നു കാട്ടിക്കൂടിയതിനെ കുറിച്ച് കമല്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇതാണ്; ‘തന്റെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടില്‍ അനുവാദമില്ലാതെ കടക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ പൊലീസ് എടുത്തു കൊണ്ടു പോകുകയുമായിരുന്നു. താന്‍ അവിടെയല്ല താമസിക്കുന്നത് എന്ന് പറഞ്ഞിട്ടും പൊലീസ് അതിക്രമിച്ച് കടക്കുകയായിരുന്നു.’ ചവറ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ കരുനാഗപ്പള്ളി പോലീസ് എത്തിയതിനെ കുറിച്ചും കമല്‍ പറയുന്നുണ്ട് . എന്തായാലും ദേശസ്നേഹ പ്രശ്നത്തില്‍ പോലീസിന്റെ ശുഷ്ക്കാന്തി കൊള്ളാം. ഒടുവില്‍ കൊല്ലത്തെ കേസിന് നോവലിസ്റ്റിനെ കോഴിക്കോട് വെച്ച് അകത്താക്കി. വെറും 24 മണിക്കൂര്‍ കൊണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തു ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഏറെ തൊണ്ട കീറിയിട്ടുണ്ടാകുക ഇടതുപക്ഷം തന്നെയായിരിക്കും. എം എഫ് ഹുസൈനും കമല്‍ ഹാസനും പെരുമാള്‍ മുരുകനുമൊക്കെ വേണ്ടി ഇവര്‍ ശബ്ദമുയര്‍ത്തി. ദബോല്‍ക്കറും പന്‍സാരയും കല്‍ബുര്‍ഗിയും ദാരുണമായി കൊല ചെയ്യപ്പെട്ടപ്പോള്‍ സംഘ പരിവാര്‍ കരാള രൂപം പൂണ്ട് മതേതരത്വത്തെയും ജനാധിപത്യത്തെയും തകര്‍ക്കുകയാണെന് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു. ഏറ്റവുമൊടുവില്‍  (ഐ എഫ് എഫ് കെയില്‍ അറസ്റ്റ് ചെയ്യപ്പെട്ട കുട്ടികളുടെ കൂടെ നില്‍ക്കാത്ത) സംവിധായകന്‍ കമലിനെതിരെ നടക്കുന്ന സംഘപരിവാര്‍ ഗൂഡാലോചനയ്ക്കെതിരെ ശബ്ദമുയര്‍ത്തി. കഴിഞ്ഞ കാലങ്ങളില്‍ ചെന്നിത്തലയുടെ പോലീസ് സംഘ പരിവാറിനും മോദിയ്ക്കുമെതിരെ അപകീര്‍ത്തികരമായി എഴുതി എന്നാരോപിച്ചു നിരവധി കോളേജ് മാഗസിനുകള്‍ക്കെതിരെ കേസെടുക്കുകയും എഡിറ്റര്‍മാരെ തടവിലിടുകയും ചെയ്തപ്പോള്‍ ചെന്നിത്തലയെ സംഘിത്തല എന്നു വിളിച്ച് ആക്ഷേപിച്ചു. ഇപ്പോഴിതാ ഇടതുപക്ഷം ഭരിക്കുന്ന സര്‍ക്കാരിന്റെ പോലീസ് യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പരാതി കിട്ടിയ പാടെ ഒരു എഴുത്തുകാരനെ തെരഞ്ഞു പിടിച്ച് ലോക്കപ്പിലാക്കിയിരിക്കുന്നു.

കമലിനെ അറസ്റ്റ് ചെയ്തതില്‍ എന്തെങ്കിലും നീതികേടുള്ളതായി ഇടതു ബൌദ്ധിക ലോകവും സാംസ്കാരിക പ്രവര്‍ത്തകരും യുവജനങ്ങളും പറഞ്ഞതായി എവിടേയും കേട്ടില്ല. പിണറായിയുടെ കീഴിലെ മോദി പോലീസിനെക്കാള്‍ ഏറെ ഭയപ്പെടുത്തുന്നത് നിങ്ങളുടെ ഈ നിശബ്ദത തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്കു എന്നും സുപ്രീം കോടതി വിധി എന്നും കേട്ടു ചെടിച്ച വാദം ഇവിടെയും നിങ്ങള്‍ മുഴക്കരുത് സഖാക്കളെ. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വാ നമുക്ക് ചങ്ങല പിടിക്കാം എന്നു പറഞ്ഞു വരികയുമരുത്.

പിന്‍കുറിപ്പ്: ദേശീയ ഗാന വിവാദത്തില്‍ കമലിന് പിന്തുണയുമായി പിണറായിവിജയന്‍ എന്നൊരു വാര്‍ത്ത ഒരു ഓണ്‍ ലൈന്‍ പോര്‍ട്ടലില്‍ കണ്ട് അതിശയപ്പെട്ടു. സാധാരണ പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രി അധികം പ്രതികരിക്കുന്നത് കാണാറില്ല. അകത്തു കയറി വായിച്ചപ്പോഴാണ് മനസിലായത് അത് സംവിധായകന്‍ കമലിനുള്ള പിന്തുണയായിരുന്നു. ദേശീയഗാനത്തെ സംഘ പരിവാര്‍ വര്‍ഗ്ഗീയ വത്ക്കരിക്കാന്‍ ശ്രമിക്കുന്നു പോലും! പിണറായി ഇങ്ങനെ പ്രതികരിക്കുമ്പോള്‍ മറ്റൊരു കമല്‍ ദേശീയ ഗാനത്തെ അനാദരിച്ചു എന്നാരോപിച്ചു പോലീസ് പിടിയിലായി കഴിഞ്ഞിരുന്നു. ഇനി എന്നാണ് ഒ വി വിജയനെയും വി കെ എന്നിനെയുമൊക്കെ മുന്‍കാല പ്രാബല്യത്തോടെ അറസ്റ്റ് ചെയ്യാന്‍ സേര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കുന്നതെന്നാര്‍ക്കറിയാം!

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on December 18, 2016 6:42 pm