X

പുനഃസംഘടന; അഞ്ചു മന്ത്രിമാര്‍ സ്ഥാനമൊഴിയുന്നു

വകുപ്പുകളിലും മാറ്റം ഉണ്ടാകും

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയുടെ മുന്നോടിയായി നിലവിലുള്ള ബിജെപി കേന്ദ്രമന്ത്രിമാര്‍ സംഘടന പ്രവര്‍ത്തനങ്ങളിലേക്ക് മാറുന്നു. അഞ്ചുപേര്‍ രാജിക്കത്ത് നല്‍കിയെന്നാണ് വിവരം. നൈപുണ്യവികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി ഇന്നലെ തന്നെ രാജിവച്ചിരുന്നു. നിര്‍മല സീതാരാമന്‍, ഉമഭാരതി, കല്‍രാജ് മിശ്ര, സഞ്ജീവ് കുമാര്‍ ബല്യാന്‍, ഗിരിരാജ് സിംഗ് രാധാമോഹന്‍ സിംഗ് എന്നിവരും മന്ത്രിസ്ഥാനം ഒഴിയുമെന്ന് അറിയുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഈ മന്ത്രിമാരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനമൊഴിയുന്നവരില്‍ കല്‍രാജ് മിശ്ര ഒഴികെയുള്ളവര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുമ്പോള്‍ മുതിര്‍ന്ന നേതാവായ മിശ്രയെ സംസ്ഥാന ഗവര്‍ണറാക്കി നിയമിക്കാന്‍ സാധ്യതയുള്ളതായും അറിയുന്നു.

വകുപ്പുകളിലും മാറ്റം ഉണ്ടാകും. അരുണ്‍ ജയ്റ്റ്‌ലി, സുരേഷ് പ്രഭു എന്നിവരുടെ വകുപ്പുകള്‍ മാറും. യുപിയില്‍ തുടര്‍ച്ചയായി ഉണ്ടായ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരേഷ് പ്രഭു രാജി സന്നദ്ധത പ്രകടിപ്പിച്ചതാണെങ്കിലും മോദി തന്റെ വിശ്വസ്തനെ കൈയൊഴിഞ്ഞില്ല. എന്നാല്‍ പുനസംഘടനയുടെ ഭാഗമായി പ്രഭുവിനെ തല്‍സ്ഥാനത്തു നിന്നു മാറ്റി പകരം നിതിന്‍ ഗഡ്കരിയെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അതോപേലെ ജയ്റ്റ്‌ലിയില്‍ നിന്നും പ്രതിരോധം എടുത്തുമാറ്റും. ഈ വകുപ്പ് കൈകാര്യം ചെയ്യാനായി മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തുമെന്നും കേള്‍ക്കുന്നു. എന്നാല്‍ ജയ്റ്റിലെ പ്രതിരോധവകുപ്പില്‍ നിര്‍ത്തി പകരം ധനവകുപ്പ് എടുത്തുമാറ്റി അത് പിയൂഷ് ഗോയലിന് നല്‍കുമെന്നും കേള്‍ക്കുന്നു. അതോടൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിലര്‍ക്ക് കാബിനറ്റ് പദവി നല്‍കാനും മോദി തയ്യാറെടുക്കുന്നുണ്ട്.

2019 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴെ ആരംഭിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടനപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികള്‍. ബിജെപിയുടെ ശക്തയായ വക്തവായിരുന്ന നിര്‍മലാ സീതാരാമന്‍, വാണിജ്യമന്ത്രിയുടെ ചുമതലയില്‍ നിന്നും വീണ്ടും പാര്‍ട്ടിയുടെ മുഖ്യവക്താവ് എന്ന പദവിയിലേക്ക് വരും. രാജീവ് പ്രതാപ് റൂഡിയും സംഘടന ചുമതല ഏറ്റെടുക്കും. അതേസമയം കൃഷി മന്ത്രി രാധാമോഹന്‍ സിംഗിന്റെ സ്ഥാനം തെറിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തികളാണ്. മധ്യപ്രദേശിലെ മന്ദസൂറില്‍ പ്രതിഷേധത്തനിടയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. ഇതിന്റെ തിരിച്ചടി മധ്യപപ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയവുമായിരുന്നു.

പുനസംഘടന ശനിയാഴ്ച നടക്കുമെന്നാണ് അറിയുന്നത്. ഞായറാഴ്ച ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ചൈനയിലേക്ക് പോകുന്നതിനു മുമ്പായി പുനഃസംഘടന ഉണ്ടാകുമെന്നാണ് വിവരം. എന്‍ഡിഎയുടെ ഭാഗമായ നിതീഷ് കുമാറിന്റെ ജെഡിയുവിനും എ ഐ എ ഡി എം കെയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാവും.

This post was last modified on September 1, 2017 8:18 am