X

ഒരു വിഭാഗം അഞ്ച് സീറ്റെന്ന്, മറ്റൊരു വിഭാഗം രണ്ട് സീറ്റെന്ന്: ബിജെപി യോഗത്തില്‍ തമ്മിലടി

അഞ്ച് സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രചരണം ആരംഭിച്ചിട്ടും അതുറപ്പാക്കാന്‍ പറ്റാത്തതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്

ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല വികാരമുണ്ടാകുമെന്ന് വിലയിരുത്തല്‍. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പ് വിശകലന യോഗത്തിലാണ് ഈ വിലയിരുത്തല്‍. പലയിടങ്ങളിലും ഇടതു വലതുപക്ഷങ്ങളെ മലര്‍ത്തിയടിക്കുമെന്നും ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയം നേടുമെന്നുമാണ് യോഗത്തിന്റെ പ്രതീക്ഷ.

അതേസമയം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സമീപിച്ച തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. പ്രചരണം ചൂടുപിടിച്ച സമയത്ത് കൂടുതല്‍ ദേശീയ നേതാക്കളെ എത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. അമിത് ഷാ വന്നുപോയതിന് ശേഷം പ്രധാന നേതാക്കളാരും വന്നില്ലെന്നാണ് ഇവരുടെ പരാതി. അഞ്ച് സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രചരണം ആരംഭിച്ചിട്ടും അതുറപ്പാക്കാന്‍ പറ്റാത്തതാണ് ഈ വിഭാഗത്തെ പ്രകോപിപ്പിച്ചത്. അഞ്ച് മണ്ഡലങ്ങളില്‍ വിജയമുറപ്പിച്ചാണ് ബിജെപി ഇത്തവണ കേരളത്തില്‍ പ്രചരണം ആരംഭിച്ചത്. തിരുവനന്തപുരത്ത് വിജയമുറപ്പിക്കാനായി കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍ പദവി രാജിവയ്പ്പിച്ച് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് വീണ്ടും കൊണ്ടുവരികയും ചെയ്തു. അതേസമയം ഇന്നലത്തെ യോഗത്തില്‍ അഞ്ച് മണ്ഡലങ്ങള്‍ എന്ന പ്രതീക്ഷ വിട്ട് രണ്ട് മണ്ഡലങ്ങളിലേക്ക് ചര്‍ച്ച ചുരുങ്ങിയെന്നാണ് പാര്‍ട്ടിക്കുള്ളിലെ ചില വൃത്തങ്ങള്‍ അഴിമുഖത്തോട് സൂചിപ്പിച്ചത്. ഇതിന്റെ പേരില്‍ യോഗത്തിനിടയ്ക്ക് വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.

തൃശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടായെന്നും അദ്ദേഹത്തെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ തൃശൂരില്‍ വലിയ മുന്നേറ്റം സാധ്യമായിരുന്നുവെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ ശബരിമല കേന്ദ്രീകരിച്ച് ബിജെപി മുന്നോട്ട് വച്ച രാഷ്ട്രീയ അജണ്ട ജനം ചര്‍ച്ച ചെയ്തുവെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം വയനാട്ടില്‍ ബിജെപി സഹായിച്ചില്ലെന്ന ബിഡിജെഎസിന്റെ ആരോപണത്തെക്കുറിച്ച് ഇന്നലെ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും രണ്ടിരട്ടി വോട്ടുകള്‍ ബിജെപി നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

വടകരയിലും കൊല്ലത്തും ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായെന്നും ഇതു യുഡിഎഫിന് അനുകൂലമായി മാറിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വടകരയിലും കൊല്ലത്തും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന വാര്‍ത്തയും ചില നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു. കൂടുതല്‍ ശക്തരായ നേതാക്കളെ തന്നെ വടകരയിലും കൊല്ലത്തും പാര്‍ട്ടി മത്സരരംഗത്തിറക്കണമായിരുന്നുവെന്നും ഇതാണ് വോട്ടുകച്ചവടം എന്ന ആരോപണത്തിന് വഴി തുറന്നതെന്നും ഒരു നേതാവ് യോഗത്തില്‍ തുറന്നടിച്ചു.

This post was last modified on May 2, 2019 12:35 pm

Related Post
Leave a Comment