ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് നവാസുദ്ദീന്‍ സിദ്ദിഖി. നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടുപടിക്കല്‍ ഡേറ്റിനായി കാത്തുകിടക്കുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ധാരാളം ഉത്പന്നങ്ങളുടെ പരസ്യങ്ങളിലും സിദ്ദിഖി പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ ടെലിവിഷന് വേണ്ടി ഒരു വാഷിംഗ് മെഷീന്റെ പരസ്യത്തില്‍ അഭിനയിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് സിദ്ദിഖി.
സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹീക പീഢനങ്ങളെ കളിയാക്കുന്നതാണ് പരസ്യമെന്നാണ് ആരോപണം. പരസ്യം സംപ്രേക്ഷണം ചെയ്യപ്പെട്ടില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ ചോര്‍ന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഒരു സംഘം സുഹൃത്തുക്കളോടൊപ്പം സിദ്ദിഖി ഇരിക്കുന്ന ദൃശ്യത്തില്‍ നിന്നാണ് പരസ്യം തുടങ്ങുന്നത്. അവര്‍ തമാശ പങ്കുവെക്കുന്നതിനിടയില്‍ തന്റെ ഭാര്യയുമായി നടന്ന ഒരു വഴക്കിനെ കുറിച്ച് സിദ്ദിഖി വിശദീകരിക്കുന്നു. ഭാര്യയുടെ സ്വഭാവം താന്‍ സഹിക്കില്ലെന്നും അവരെ ‘കഴുകി’ വൃത്തിയാക്കുമെന്നും സിദ്ദിഖി വീമ്പിളക്കുന്നു. കൂട്ടുകാര്‍ക്കിടയില്‍ താന്‍ വീരനായി എന്ന് സിദ്ദിഖി വിശ്വസിക്കുമ്പോഴേക്കും അവര്‍ ഭാര്യ കളിയാക്കാന്‍ ആരംഭിക്കുന്നു. എന്നാല്‍ തന്റെ ഭാര്യയെ കുറിച്ച് അങ്ങനെയൊന്നും പറയരുതെന്നും അവരാണ് തന്നെ തല്ലിയതെന്നും കൈയിലുള്ള ചില പാടുകള്‍ കാണിച്ച് സിദ്ദിഖി വാദിക്കുന്നു.
‘ദുലായി’ (കഴുകുക) എന്ന പദം ഉപയോഗിച്ചുള്ള കളിയാണ് പരസ്യത്തിലെങ്കിലും അത് ഗാര്‍ഹീക പീഢനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. സ്ത്രീവിദ്വേഷം നിറഞ്ഞതും ലൈംഗീക ചുവയുള്ളതുമാണ് പരസ്യമെന്ന് ഭൂരിപക്ഷം പേരും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിമര്‍ശനം കടുത്തതോടെ കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്. പരസ്യമായി ഖേദം പ്രകടിപ്പിച്ച കമ്പനി, ഈ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് പരസ്യം സംപ്രേക്ഷണം ചെയ്യാത്തതെന്നും വിശദീകരിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും പരസ്യത്തിന്റെ വീഡിയോ നീക്കം ചെയ്യണമെന്നും കമ്പനി ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ സിനിമയുടെ കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ അങ്ങേയറ്റത്തെ ശ്രദ്ധ പുലര്‍ത്തുന്ന സിദ്ദിഖി എങ്ങനെ ഇത്തരത്തിലുള്ള ഒരു പരസ്യത്തിന് പോയി തലവെച്ചുകൊടുത്തു എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാര്യം.
This post was last modified on May 16, 2017 9:26 am
Leave a Comment