X

അതിരപ്പിള്ളി പദ്ധതി; കാനം പറയുന്നതുപോലെയല്ല കാര്യങ്ങള്‍; സിപിഐയിലും തര്‍ക്കം

സിപിഐ അനുകൂല സംഘടനയായ കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പദ്ധതി നടപ്പിലാക്കണം എന്ന അഭിപ്രായം ഉയര്‍ന്നു

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പേരില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചിരുന്നു. പദ്ധതിക്ക് അനുകൂലമായി സിപിഎം നിലപാടെടുത്തപ്പോള്‍ അത് എല്‍ ഡി എഫ് നയമല്ല എന്ന വാദവുമായാണ് സിപിഐ രംഗത്ത് എത്തിയത്. എന്നാല്‍ ഈ കാര്യത്തില്‍ സിപിഐക്കുള്ളിലും അഭിപ്രായാ വ്യത്യാസം ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പത്തനംതിട്ടയില്‍ നടക്കുന്ന സിപിഐ അനുകൂല സംഘടനയായ കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പദ്ധതി നടപ്പിലാക്കണം എന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ സിപിഐയുടെ ഉന്നത നേതാക്കള്‍ ഇടപെട്ട് അതിനെ തടയുകയായിരുന്നു. അതിരപ്പിള്ളി വിഷയത്തില്‍ സമവായം വേണമെന്നും പദ്ധതി നടപ്പിലാക്കണമെന്നുമുള്ള പ്രമേയമാണ് തടഞ്ഞത്.

സമ്മേളനം ഉദ്ഘാടനം ചെയ്ത എഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍ പദ്ധതി വേണ്ടെന്ന നിലപാടാണ് പറഞ്ഞത്. എന്നാല്‍ അധ്യക്ഷ പ്രസംഗം നടത്തിയ സംഘടനയുടെ പ്രസിഡണ്ട് എ എന്‍ രാജന്‍ പദ്ധതി നടത്തിപ്പില്‍ സമവായം വേണമെന്ന നിലപാട് മുന്നോട്ട് വെച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദും പദ്ധതി വേണ്ടെന്ന നിലപാട് മുന്നോട്ട് വെക്കുകയായിരുന്നു.

പിന്നീട് ജലവൈദ്യുത പദ്ധതികള്‍ വേണമെന്ന പ്രമേയമാണ് സമ്മേളനം പാസാക്കിയതെന്നും അതില്‍ അതിരപ്പിള്ളി പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല എന്നും എഎന്‍ രാജന്‍ പറഞ്ഞു.

This post was last modified on May 15, 2017 7:50 am