X

ഏതെങ്കിലും മുന്നണി പ്രവേശനത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ച നടന്നതായി അറിയില്ലെന്ന് സിഎഫ് തോമസ്; ഭിന്നത അവസാനിക്കാതെ കേരള കോണ്‍ഗ്രസ്സ്

ബിജെപിയിലേക്ക് പോകാനാണ് കെഎം മാണി ശ്രമിക്കുന്നതെന്ന് മുന്‍ ജോസഫ് വിഭാഗം നേതാവും ജനാധിപത്യ കേരള കോൺഗ്രസ് ചെയര്‍മാനുമായ ഫ്രാന്‍സിസ് ജോര്‍ജ്ജ്

കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ രൂപപ്പെട്ട ഇടത് ബന്ധത്തെച്ചാല്ലി കേരള കോൺഗ്രസ് എമ്മിൽ ഉടലെടുത്ത ഭിന്നത ശക്തമാകുന്നു. കെഎം മാണിയുടെ വിശ്വസ്തനും പാർട്ടി ഡെപ്യൂട്ടി ചെയർമാനുമായ സിഎഫ് തോമസും ഇടതുബന്ധം തള്ളി ഇന്നലെ പരസ്യമായി രംഗത്തെത്തി. കോട്ടയം ജില്ല പഞ്ചായത്തിലെ സിപിഎം ബന്ധത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽ വിശദചർച്ച വേണമെന്ന് ഇന്നലെ കോട്ടയത്ത് മാധ്യമങ്ങളെ കണ്ട സിഎഫ് തോമസ് ആവശ്യപ്പെട്ടു. ആനാരോഗ്യം കാരണം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന പാർലമെൻററി പാർട്ടി യോഗത്തിൽ തോമസ് പങ്കെടുത്തിരുന്നില്ല.

“ഭിന്നാഭിപ്രായങ്ങൾ വരാനുള്ള സാഹചര്യം പരിശോധിക്കണം. ഏതെങ്കിലും മുന്നണി പ്രവേശനത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ചനടന്നതായി അറിയില്ല. ചരൽക്കുന്ന് ക്യാമ്പിൽ പാർട്ടി ഏതെങ്കിലും മുന്നണിയിലേക്ക് പോകാൻ തീരുമാനമെടുത്തിരുന്നില്ല.” സി എഫ് തോമസ് പറഞ്ഞു.

നേരത്തെ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫും കെ എം മാണിയുടെ നീക്കത്തെ തള്ളിപ്പറഞ്ഞിരുന്നു. കോട്ടയത്ത് നടന്ന രാഷ്ട്രീയ നീക്കത്തെ നിര്‍ഭാഗ്യകരമെന്നായിരുന്നു ജോസഫ് വിശേഷിപ്പിച്ചിരുന്നത്. കെഎം മാണിയുടെ പാലായിലെ വസതിയിൽ നടന്ന പാർലമെൻററി പാർട്ടി യോഗം പിജെ ജോസഫും മോന്‍സ് ജോസഫും ബഹിഷ്ക്കരിച്ചിരുന്നു.

അതേസമയം ബിജെപിയിലേക്ക് പോകാനാണ് കെഎം മാണി ശ്രമിക്കുന്നതെന്നും ഇതു തിരിച്ചറിഞ്ഞ് പിജെ ജോസഫ് പുറത്തുവരണമെന്നും നേരത്തെ കേരള കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോയി ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച് ഇടതുമുന്നണിയുടെ ഭാഗമായി മാറിയ ഫ്രാൻസിസ് ജോർജ് പറഞ്ഞു. “മാണി ഗ്രൂപ്പ് വഞ്ചനയുടെ പര്യായമായി മാറിയിരിക്കുന്നു. ഏകാധിപത്യവും കുടുംബാധിപത്യവുമാണ് പാർട്ടിയുുടെ മുഖമുദ്ര. ആത്മാഭിമാനമുള്ളവർ മാണി ഗ്രൂപ്പ് വിട്ട് പുറത്തുവരണം.’ എന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇന്നലെ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

This post was last modified on May 11, 2017 11:23 am