X

ജനരക്ഷാ യാത്രയ്ക്ക് ഡല്‍ഹിയില്‍ മറുപടി നല്‍കാന്‍ സിപിഎം; അമിത് ഷാ ഇന്ന് ബിജെപി മാര്‍ച്ചില്‍

സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ നാളെ ബിജെപി ആസ്ഥാനത്തേക്ക് പ്രകടനം

കേരളത്തില്‍ ‘ചുവപ്പ്-ജിഹാദി’ ഭീകരതയ്‌ക്കെതിരെ ബി.ജെ.പി നടത്തുന്ന ജനരക്ഷാ യാത്രതയുടെ അലയൊലികള്‍ ഡല്‍ഹിയിലേക്കും വ്യാപിക്കുന്നു. ഇന്ന് ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനത്തേക്ക് നടത്തുന്ന പ്രതിഷേധ പ്രകടനത്തിന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെ നേതൃത്വം നല്‍കുമ്പോള്‍ ബി.ജെ.പിക്ക് അതേ മാര്‍ഗത്തില്‍ കൂടി തിരിച്ചടി നല്‍കാനാണ് സി.പി.എം തീരുമാനവും. ഇതിന്റെ ഭാഗമായി പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ നേതൃത്വത്തില്‍ സി.പി.എം നാളെ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

ജനരക്ഷാ യാത്ര ഉത്ഘാടനം ചെയ്ത് ആദ്യ ദിവസം മാര്‍ച്ചില്‍ പങ്കൈടുത്ത അമിത് ഷാ പിന്നീട് കാരണങ്ങള്‍ വെളിപ്പെടുത്താതെ കേരളത്തില്‍ നിന്ന് മടങ്ങിയിരുന്നു. അഞ്ചാം തീയതി വരെ ജനരക്ഷാ യാത്രയുടെ ഭാഗമായി അമിത് ഷാ നടക്കുമെന്നായിരുന്നു നേരത്തെ ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ ഒറ്റ ദിവസത്തിനു ശേഷം അമിത് ഷാ മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയിലൂടെ അമിത് ഷാ നടക്കുമെന്ന വന്‍ പ്രചരണം ഉണ്ടായിരുന്നെങ്കിലും ഷാ പിന്മാറിയതോടെ പരിപാടി വേണ്ടത്ര ഏശിയുമില്ല.

ഇതിനു ശേഷം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ കേരളത്തിലെത്തി ജനരക്ഷാ യാത്രയുടെ ഭാഗമായി. ആശുപത്രികള്‍ എങ്ങനെ നടത്തണമെന്ന് കേരളം യു.പിയെ കണ്ടു പഠിക്കണമെന്ന ആദിത്യനാഥിന്റെ പരാമര്‍ശത്തോട് കേരളം പ്രതികരിച്ചത് ഒറ്റക്കെട്ടായാണ്. കണക്കുകള്‍ നിരത്തി ആദിത്യനാഥിന്റെ പരാമര്‍ശം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം മുന്നോട്ടു വരികയും ചെയ്തിരുന്നു. ഗോരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നൂറിനടത്ത് കുട്ടികള്‍ കൊല്ലപ്പെട്ടപ്പോഴാണ് ജീവിത വികസന സൂചികയില്‍ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമായ കേരളത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത് എന്നതായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍.

ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സയെ ആരാധിക്കുന്നവര്‍ കേരളത്തെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൈ വെട്ടുമെന്ന ബി.ജെ.പി മുദ്രാവാക്യം വിവാദമായിത്തീര്‍ന്നിരിക്കുന്നത്. എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന യാത്രയിലാണ് ഇത്തരത്തിലൊരു പരാമര്‍ശം ഉണ്ടായതെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡല്‍ഹിയില്‍ അടക്കം സി.പി.എം ആസ്ഥാനത്തേക്ക് ജനരക്ഷാ യാത്ര തീരുന്നതു വരെ മാര്‍ച്ച് നടത്താന്‍ ബി.ജെ.പി തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ മൂന്നു മുതല്‍ സി.പി.എം ആസ്ഥാനത്തേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തുന്നുണ്ട്. എന്നാല്‍ ഇതിന് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന് തോന്നിയതോടെയാണ് അമിത് ഷാ നേരിട്ടു തന്നെ ഇന്ന് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ന്യൂഡല്‍ഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ നിന്നാണ് സി.പി.എം ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗോള്‍മാര്‍ക്കറ്റിലേക്ക് രാവിലെ 11 മണിക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 14-ഓളം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാല്‍ തങ്ങളുടെ 11 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു എന്ന കാര്യം സി.പി.എം ഉയര്‍ത്തുന്നു. ഇത് ദേശീയ തലത്തില്‍ കൂടി പ്രചരണവിഷയമാക്കേണ്ടത് തിരിച്ചറിഞ്ഞു കൊണ്ടാണ് സി.പി.എം നാളെ ബി.ജെ.പി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. കേരളത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം ആക്രമണം അഴിച്ചുവിടുന്നുവെന്നത് ഏകപക്ഷീയമായ പ്രചരണമാണെന്നും മറിച്ച് സംഘപരിവാര്‍ ഭീകരതയാണ് കേരളത്തില്‍ നടക്കുന്നത് എന്നുമുള്ള മുദ്രാവാക്യമുയര്‍ത്തിയാണ് വൃന്ദാ കാരാട്ടിന്റെ നേതൃത്വത്തില്‍ നാളെ 12 മണിക്കുള്ള പ്രതിഷേധ പ്രകടനം.

This post was last modified on October 8, 2017 11:33 am