X

മാനന്തവാടി ജാതി വിലക്ക്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ കഴിഞ്ഞ നാലര വര്‍ഷമായി അരുണ്‍-സുകന്യ ദമ്പതികളെ കുലംകുത്തികളായി പ്രഖ്യാപിച്ചുകൊണ്ട് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു

മാനന്തവാടിയിലെ യാദവ സമുദായാംഗങ്ങളായ അരുണിനെയും സുകന്യയെയും പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ജാതി വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് നേരിട്ട് ഹാജരാകാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ കഴിഞ്ഞ നാലര വര്‍ഷമായി ഇവരെ കുലംകുത്തികളായി പ്രഖ്യാപിച്ചുകൊണ്ട് ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

നരേന്ദ്ര മോദി ആപ് വഴി സുകന്യ തങ്ങള്‍ നേരിടുന്ന ഊര് വിലക്കിനെതിരെ പ്രധാനമന്ത്രിക്ക് പരാതി കൊടുത്തതിനെ തുടര്‍നാണ് വാര്‍ത്ത പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. തങ്ങള്‍ക്ക് വീട്ടില്‍ കയറാനോ അച്ഛനമ്മമാരോടും ബന്ധുക്കളോടും മിണ്ടാനോ സമുദായ കമ്മറ്റി അനുവദിക്കുന്നില്ല എന്ന് മാനന്തവാടി പോലീസ്സ്റ്റേഷനിലും ദമ്പതികള്‍ പരാതി നല്കിയിരുന്നു. വാര്‍ത്ത പുറത്തു വന്നതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.

ഗവണ്‍മെന്‍റ് പ്ലീഡറും സി.പി.ഐ (എം) എരുമത്തെരുവ് ബ്രാഞ്ച് കമ്മിറ്റി അംഗവും യാദവസേവാ സമിതി സംസ്ഥാന പ്രസിഡണ്ടുമായ അഡ്വക്കറ്റ് മണിയുടെ നേതൃത്വത്തിലായിരുന്നു യുവ ദമ്പതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മണിയെ സി പി എമ്മില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്.

കുടുംബത്തിന് എല്ലാ വിധത്തിലുള്ള സംരക്ഷണവും സര്‍ക്കാര്‍ നല്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കേകെ ശൈലജ പ്രഖ്യാപിച്ചിരുന്നു.