X

സർക്കാർ 5,422 വീടുകള്‍ പൂർത്തിയാക്കി, കോണ്‍ഗ്രസ് പറഞ്ഞ 1,000 വീടുകൾ എവിടെ: മുഖ്യമന്ത്രി

6.9 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രളയത്തിനു ശേഷം ഉടന്‍സഹായമായ 10,000 രൂപ വിതരണം ചെയ്തിട്ടുണ്ട്.

പ്രളയ പുനർനിർമാണത്തിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അടയന്തര പ്രമേയ നോട്ടീസിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ തലത്തിൽ നടത്തിയ അക്കമിട്ട് നിരത്തി മറുപടി പറഞ്ഞ മുഖ്യമന്ത്രി ദുരിത ബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത 1000 വീടുകൾ എവിടെയെന്നും ആരാഞ്ഞു.

വിഡി സതീശൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. കോണ്‍ഗ്രസ്സുകാര്‍ 1,000 വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചല്ലോ? എവിടെ ആ വീടുകള്‍? പറയാന്‍ എളുപ്പമാണ്. പ്രവൃത്തിയാണ് വിഷമം. പ്രവൃത്തിയെടുക്കുന്നവരെ ആക്ഷേപിക്കല്‍ എളുപ്പമാണെന്നു കൂടി നിങ്ങള്‍ തെളിയിക്കുകയാണ്. ഇത് ജനങ്ങള്‍ മനസ്സിലാക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.

6.9 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രളയത്തിനു ശേഷം ഉടന്‍സഹായമായ 10,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പൂര്‍ണ്ണമായും തകര്‍ന്ന 15,324 വീടുകളില്‍ ഇന്നുവരെ 5422 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സ്വന്തമായി വീട് നിര്‍മ്മിക്കുവാന്‍ സന്നദ്ധരായ 10,426 പേരില്‍ 9,967 പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞു. വീട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗഡുക്കളായാണ് സഹായം നല്‍കുന്നത്. പൂര്‍ണ്ണമായി തകര്‍ന്ന കേസുകള്‍ എന്ന് കരുതുന്നവയില്‍  അപ്പീലുകളായി ലഭിച്ച 34,768 എണ്ണത്തില്‍ 34,275 ഉം തീര്‍പ്പാക്കിക്കഴിഞ്ഞു. ഭാഗികമായി തകര്‍ന്നതായി ലഭിച്ച 2,54,260 കേസുകളില്‍ 2,40,738 കേസുകളും തീര്‍പ്പാക്കിക്കഴിഞ്ഞു. അപ്പീലായി ലഭിച്ച 1,02,479 കേസുകളില്‍ 1,01,878 കേസുകളും തീര്‍പ്പാക്കിക്കഴിഞ്ഞെന്നും അദ്ദേഹം നിയമ സഭയെ അറിയിച്ചു.

പലര്‍ക്കും സഹായം കിട്ടിയില്ലെന്നാണ് ആക്ഷേപം. എല്ലാവര്‍ക്കും ആദ്യ ഗഡു കിട്ടിയെന്നതാണ് സത്യം. ചിലര്‍ സ്വന്തം നിലയ്ക്ക് വീടുകള്‍ കെട്ടിക്കൊള്ളാമെന്ന് ഏറ്റു. ഇവര്‍ക്ക് രണ്ടാം ഗഡു സഹായം നല്‍കണമെങ്കില്‍ ആദ്യ ഗഡു സഹായം ചിലവാക്കിയിരിക്കണം. രണ്ടാം ഗഡുവിനുള്ള പണവും സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. പല ജില്ലകളിലും ഒരേ വേഗത്തിലല്ല അവിടുത്തെ പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ഇതിലെ വ്യത്യാസം എടുത്തുവെച്ച് ഒന്നും നടക്കുന്നില്ല എന്നു ചിത്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കെ സച്ചിദാനന്ദന്‍ അഭിമുഖം: ജനാധിപത്യമില്ലെങ്കില്‍ വെറും ശരീരമായി ജീവിച്ചിട്ട് കാര്യമില്ല, ഭീഷണിക്ക് മുമ്പില്‍ നിശബ്ദനാകില്ല

This post was last modified on June 25, 2019 12:15 pm