X

അപകീർത്തി പരാമർശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പോലീസില്‍ പരാതി നൽകി

പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവർക്കൊപ്പമെത്തിയായിരുന്നു രമ്യ പരാതി നൽകിയത്.

പൊന്നായിലെ പൊതുവേദിയിൽ നടത്തിയ പ്രസംഗത്തില്‍ എൽഡിഎഫ് കണ്‍വീനർ എ വിജയരാഘവൻ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ആലത്തൂരിലെ യുഡിഎപഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പോലീസിൽ പരാതി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് രമ്യ പരാതി നൽകിയത്. പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവർക്കൊപ്പമെത്തിയായിരുന്നു രമ്യ പരാതി നൽകിയത്. തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പരാമര്‍ശമെന്ന് രമ്യ പരാതിയില്‍ പറയുന്നു.

അതിനിടെ, തനിക്കെതിരായ എ വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിച്ച പി.കെ. ബിജുവിന്റെ പ്രതികരണത്തെയും രമ്യ വിമർശിച്ചു.  ആലത്തൂരിലെ എംപി കഴിഞ്ഞ പത്തു വര്‍ഷം അദ്ദേഹത്തെ ജയിപ്പിച്ച ജനങ്ങള്‍ കാര്യം വിലയിരുത്തട്ടെ. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെ ന്യായീകരിച്ച് രംഗത്തുവരികയായിരുന്നു ഇവിടെത്തെ എംപി. മുഖ്യമന്ത്രി പിണറായി വിജയനോ, സര്‍ക്കാരോ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും രമ്യ പരാതി നല്‍കിയശേഷം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം പറയുന്ന സ്ത്രീ സംരക്ഷണവും നവോത്ഥാന് മുദ്രാവാക്യങ്ങളിലും സംശയം ഉണ്ടെന്നും സംശയമുണ്ടെന്നും രമ്യ ആരോപിച്ചു.

തിങ്കളാഴ്ച രാത്രി പൊന്നാനിയിൽ എൽഡിഎഫ് കണ്‍വൻഷനിടെയാണ് വിജയരാഘവൻ രമ്യ ഹരിദാസിനെ തിരെ പ്രസംഗത്തിൽ പരാമർശം നടത്തിയത്. പേരു പറയാതെ ‘ആലത്തൂരിലെ സ്ഥാനാർഥിയായ പെൺകുട്ടി’ എന്ന് പറ‍ഞ്ഞായിരുന്നു പ്രസംഗം. ‘ആലത്തൂരിലെ സ്ഥാനാര്‍ഥി പെൺകുട്ടി, അവർ ആദ്യം പോയി പാണക്കാട് തങ്ങളെക്കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻ വയ്യ. അതു പോയിട്ടുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നത്.