X

നടിയെ ആക്രമിച്ച കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന് ഹൈക്കോടതി; ഹണി വർഗ്ഗീസിന് ചുമതല

വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി. കേസ് പരിഗണിക്കാൻ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ഹണി വർഗ്ഗീസിനാണ് ചുമതല. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

നിലവിൽ സിബിഐ കോടതി മുന്നിലെ ജഡ്ജിയാണ് ഹണി വർഗീസ്. വിചാരണ എറണാകുളം ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന നടിയുടെ ആവശ്യം പക്ഷേ ജഡ്ജിമാരുടെ ലഭ്യത ഇല്ലാത്തതിനാൽ നടന്നില്ല. തൃശ്ശുർ, പാലക്കാട് ജില്ലകളിൽ വിചാരണയ്ക്ക് വനിതാ ജഡ്ജികൾ ഇല്ലെന്ന സർക്കാറിന്റെ അറിയിപ്പ് പരിഗണിച്ചാണ് നടപടി.

കേസ് വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്ന ആവശ്യത്തെ നേരത്തെ ദിലീപ് എതിർത്തിരുന്നു. വിചാരണക്കോടതി മാറ്റണമെന്ന ഇരയുടെ അപേക്ഷയില്‍ കക്ഷി ചേരാന്‍ ദിലീപ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കികൊണ്ടായിരുന്നു നടപടി. ഇരയായ നടിയുടെ ഹർജിയിൽ കോടതി വിധി പറയാനിരിക്കെയായിരുന്നു ദിലീപിന്റെ നീക്കം.

നേരത്തെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടിയുടെ ഹര്‍ജിക്ക് എതിരെ കോടതിയെ സമീപിച്ചിരുന്നു. വിചാരണ എറണാകുളം ജില്ലയുടെ പുറത്തേക്ക് മാറ്റരുത് എന്നാണ് സുനിയുടെ ആവശ്യം. ജില്ല മാറ്റുന്നത് സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും എന്നായിരുന്നു പൾസർ സുനിയുടെ വാദം.

READ ALSO: കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

This post was last modified on February 25, 2019 4:16 pm