X

അജിത് ഡോവലിന്റെ മകന് കേമാന്‍ ഐലന്‍റില്‍ കമ്പനി; ആരംഭിച്ചത് നോട്ട് നിരോധനത്തിന് പിറകെയെന്ന് കോൺഗ്രസ്

രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ടാഴ്ചക്കകമാണ് വിവേക് ഡോവല്‍ ദ്വീപില്‍ ഹെഡ്ജ് ഫണ്ട് കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നും ആരോപണം

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്റെ നിക്ഷേപ സ്ഥാപനത്തിൽ ലുലു ഗ്രൂപ്പ് മേധാവി ഡയറക്ടറാണെന്ന് റിപ്പോർട്ടുകൾക്ക് പിറകെ വിവേക് ഡോവലിന്റെ ഉടമസ്ഥതയില്‍ കേമാന്‍ ഐലന്‍റില്‍ കമ്പനിയെന്ന് വാർത്തകൾ. രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ടാഴ്ചക്കകമാണ് വിവേക് ഡോവല്‍ ദ്വീപില്‍ ഹെഡ്ജ് ഫണ്ട് കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നും കാരവാൻ ഉൾപ്പെടെയുള്ള മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

റിപ്പോർട്ട് പുറത്ത് വന്നതോടെ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. കമ്പനിക്ക് ലഭിച്ച വിദേശ നിക്ഷേപത്തിന്റെ കണക്കുകൾ ആർബി ഐ പരിശോധിക്കണമെന്നാണ് കോൺഗ്രസ് ആവശ്യം. ഡൽഹിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2017-18 കാലത്ത് മാത്രം 8300 കോടി രുപ വിദേശത്തു നിന്നും കമ്പനിയിലേക്ക് എത്തിയിട്ടുണ്ട്. 2000 മുൽ 2017 വരെ ഇന്ത്യയിലേക്കെത്തിയ ആകെ വിദേശ നിക്ഷേപത്തിന് സമാനമാണിതെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ ഇതിനെ സാധൂകരിക്കുന്ന രേഖകൾ ഇല്ലാതെയായിരുന്നു വാർത്താ സമ്മേളനം.

ഡോവലിന്റെ മകനെതിരായ ആരോപണങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണെന്നായിരുന്നു റിപ്പോർട്ടുകളോടുള്ള സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരിയുടെ പ്രതികരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ വിശ്വാസ്യത വ്യക്തമാക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തര വാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബ്രിട്ടന്‍, അമേരിക്ക, സിംഗപൂര്‍, കേമാന്‍ ഐലന്‍റ് എന്നിവിടങ്ങിളെലെ രേഖകള്‍ ഉൾപ്പെടെ പരിശോധിച്ചാണ് വിവേക് ഡോവല്‍ കമ്പനി തുടങ്ങിയതിന് കാരവന്‍ സ്ഥിരീകരണം അവകാശപ്പെടുന്നത്. നോട്ട് നിരോധനം പ്രഖ്യാപിച്ച് 13 ദിവസത്തിന് ശേഷമായിരുന്നു കേമാന്‍ ഐലന്‍റില്‍ കമ്പനിയുടെ രൂപീകരണം. ബ്രിട്ടീഷ് പൗരനായ വിവേക് ഡോവല്‍ നിലവില്‍ സിംഗപൂരിലാണ് താമസം. ജിഎന്‍വൈ ഏഷ്യ ഫണ്ട് എന്ന പേരിലാണ് ഹെഡ്ജ് ഫണ്ട് വിഭാഗത്തില്‍ പെടുന്ന കമ്പനി രൂപീകരിച്ചത്. സഹോദരന്‍ ശൗര്യ ഡോവലിന്‍റെ വ്യാപാര ഇടപാടുകളുമായി നേരിട്ട് ബന്ധമുള്ളതാണ് കമ്പനിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. മോദി സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഇന്ത്യാ ഫൌണ്ടേഷന്‍ തലവനും ബി.ജെ.പി നേതാവുമായ ശൗര്യ.

അജിത് ഡോവലിന്റെ മകന്റെ നിക്ഷേപ സ്ഥാപനത്തിൽ ലുലു ഗ്രൂപ്പ് മേധാവി ഡയറക്ടർ; കമ്പനി തുടങ്ങിയത് നോട്ടുനിരോധിച്ച് 13 ദിവസത്തിന് ശേഷം

റാഫേൽ വിമാനങ്ങളുടെ വില 41 ശതമാനം ഉയർന്നതിനു പിന്നിൽ മോദിയെടുത്ത തീരുമാനങ്ങൾ

This post was last modified on January 18, 2019 10:14 am