X

കൊല്ലത്ത് മത്സരിക്കാൻ സമ്മർദ്ദമുണ്ട്, അവിടെ അരെയും പരിചയമില്ല; ‘ഭേദം’ മലപ്പുറം: കണ്ണന്താനം

ഇന്ന് വൈകുന്നേരം ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ നൽകുമ്പോഴും വിജയ സാധ്യതയുള്ള സീറ്റുകളെ ചൊല്ലി ബിജെപിയിൽ തർക്കം തുടരുകയാണ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ പോലും ഔദ്യോഗിമായി പ്രഖ്യാപിക്കാൻ കഴിയാതെ ബിജെപിയിൽ തർക്കം തുടരുമ്പോൾ പരസ്യ പ്രതികരണവുമായി കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. തന്നെ പരിഗണിക്കുന്ന കൊല്ലം സീറ്റിൽ മൽസരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം.

കൊല്ലത്ത് സ്ഥാനാർത്ഥിയാവാന്‍ സമ്മര്‍ദം ഉണ്ട്. എന്നാൽ തനിക്ക് ചേർന്ന മണ്ഡലമല്ല അത്, കൊല്ലത്ത് തനിക്ക് ആരെയും പരിചയമില്ല, അത്തരം ഒരു സീറ്റിൽ മൽസരിക്കുന്നതിനേക്കാൽ മലപ്പുറമായിരിക്കും ഭേദമെന്നും കണ്ണന്താനം പറയുന്നു. നിലവിൽ രാജ്യസഭാംഗമായ തനിക്ക് ഇനി മൂന്ന് വര്‍ഷം കൂടി കാലാവധിയുണ്ട്. അതിനാൽ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. താൻ മത്സരിക്കണമെന്ന് നിര്‍ബന്ധമാണെങ്കിൽ പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ഇതിൽ ഏതെങ്കിലും വേണമെന്നും കേന്ദ്ര സഹമന്ത്രി ഏഷ്യാനെറ്റിനോട് പ്രതികരിച്ചു.

അതിനിടെ, ഇന്ന് വൈകുന്നേരം ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ നൽകുമ്പോഴും വിജയ സാധ്യതയുള്ള സീറ്റുകളെ ചൊല്ലി ബിജെപിയിൽ തർക്കം തുടരുകയാണ്. പത്തനംതിട്ട സീറ്റിലാണ് പ്രധാന തർക്കം. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്ക് പ്രഥമ പരിഗണന ഉള്ളപ്പോഴും പത്തനംതിട്ട, തൃശൂര്‍ എന്നീ മണ്ഡലങ്ങളിൽ ഒന്ന് വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കെ സുരേന്ദ്രൻ. സുരേന്ദ്രനായി ആർഎസ്എസും പിള്ളയ്ക്കായി എൻഎസ്എസും നിലപാട് അറിയിച്ചതാണ് തർക്കം നീളാൻ കാരണം. എം ടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരും താൽപര്യമുള്ള സീറ്റുകള്‍ ലഭിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

 

This post was last modified on March 19, 2019 5:16 pm