X

തിരുവനന്തപുരം മൃഗശാലയില്‍ ഇനി ‘എയ്ഞ്ചല’യില്ല; ഒരുമാസത്തിനിടെ ചാവുന്നത് രണ്ടാമത്തെ അനക്കോണ്ട

ചൊവ്വാഴ്ച രാവിലെ തീറ്റ നല്‍കാനായി ജീവനക്കാര്‍ കൂട്ടിലെത്തിയപ്പോഴാണ് മണല്‍തിട്ടയില്‍ അനാക്കോണ്ടയെ ചത്ത നിലയില്‍ കാണുന്നത്.

ഒരുമാസത്തിനിടെ തിരുവനന്തപുരം മൃഗശാലയില്‍ രണ്ടാമത്തെ അനക്കോണ്ടയും ചത്തു. ഒന്‍പത് വയസ്സുള്ള എയ്ഞ്ചല എന്ന അനക്കോണ്ടയാണ് ചൊവ്വാഴ്ച രാവിലെ ചത്തത്. വന്‍കുടലില്‍ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് മൃഗശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഓഗസ്റ്റ് ആദ്യവാരം മറ്റൊരു അനക്കോണ്ടയും ഇതേ മൃഗശാലയില്‍ ചത്തിരുന്നു.

ചൊവ്വാഴ്ച രാവിലെ തീറ്റ നല്‍കാനായി ജീവനക്കാര്‍ കൂട്ടിലെത്തിയപ്പോഴാണ് മണല്‍തിട്ടയില്‍ അനക്കോണ്ടയെ ചത്ത നിലയില്‍ കാണുന്നത്. തുടര്‍ന്ന് ഇതിന്റെ ശരീരം കൂട്ടില്‍ നിന്നും പുറത്തെടുത്ത് പരിശോധന നടത്തി.

മൃഗശാല ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി ആന്തരിക അവയവങ്ങള്‍ നീക്കം ചെയ്തശേഷം സ്റ്റഫ് ചെയ്ത് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് മാറ്റി. 3.6 മീറ്റര്‍ നീളവും 50 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു ചത്തുപോയ എയ്ഞ്ചലയ്ക്ക്. 2014 ല്‍ ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നാണ് എയ്ഞ്ചല അടക്കമുള്ള ഏഴ് അനാക്കോണ്ടകളെ എത്തിച്ചത്.

ഒരുമാസത്തിനിടെ ചത്ത രണ്ട് അനക്കോണ്ടകളും ഒരേ കൂട്ടില്‍ ഉള്ളവയാണ്. തുടര്‍ന്ന് ഇതേ കൂട്ടിലുള്ള മൂന്നാമത്തെ അനക്കോണ്ടയെ ചൊവ്വാഴ്ച തന്നെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. ഇപ്പോള്‍ ഒരാണും നാലു പെണ്ണും അടക്കം അഞ്ച് അനക്കോണ്ടകളാണ് മൃഗശാലയില്‍ പ്രദര്‍ശനത്തിനുള്ളത്.

Read More :കാശ്മീർ: എവിടെ പോയാലും നേരിടും, അന്താരാഷ്ട്ര കോടതിയില്‍ പോകാനുളള പാക് തീരുമാനത്തെക്കുറിച്ച് ഇന്ത്യ