ലോങ് ജംപ് താരവും ഒളിംപ്യനുമായ അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നു എന്ന് അവകാശപ്പെട്ട് കര്‍ണാടക ബിജെപി ഘടകം. കര്‍ണാടക സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ, കേന്ദ്ര മന്ത്രി വി മുരളീധരന്‍, പാര്‍ട്ടി എംപി തേജസ്വി സൂര്യ എന്നിവരുടെ സാന്നിധ്യത്തില്‍ ബംഗളൂരുവില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അഞ്ജു അംഗത്വം നേടി എന്നാണ് ബിജെപി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ താന്‍ കുടുംബ സുഹൃത്തായ വി മുരളീധരനെ കാണാനാണ് അവിടെ എത്തിയത് എന്നും ബിജെപി അംഗത്വം എടുത്തിട്ടില്ലെന്നും അഞ്ജു ബോബി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അഞ്ജു ഇവരോടൊപ്പം ബിജെപി വേദിയില്‍ പാര്‍ട്ടി പതാകയുമായി നില്‍ക്കുന്ന ഫോട്ടോ ഇവര്‍ കൊടുത്തിരുന്നു. അതേസമയം വേദിയിലേയ്ക്ക് കയറി വന്ന തന്റെ കയ്യിലേയ്ക്ക് പെട്ടൈന്ന് കൊടി തരുകയായിരുന്നു എന്ന് അഞ്ജു ബോബി ജോര്‍ജ് പറയുന്നു. ബിജെപി അംഗത്വം എടുത്തിട്ടില്ല. എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. കായിക താരങ്ങള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി നില്‍ക്കേണ്ടതുണ്ട് എന്നും അഞ്ജു അഭിപ്രായപ്പെട്ടു. എഎന്‍ഐ അടക്കമുള്ള വാര്‍ത്ത ഏജന്‍സികള്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപിയുടെ അംഗത്വ വിതരണ പരിപാടിയാണ് നടന്നിരുന്നത് എന്ന കാര്യം പോലും അവിടെ ചെല്ലുമ്പോള്‍ തനിക്ക് അറിയില്ലായിരുന്നു എന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
This post was last modified on July 6, 2019 8:09 pm
Leave a Comment