X

ഉദ്യോഗസ്ഥര്‍ നാണക്കേടുണ്ടാക്കരുത്: ചുവപ്പ് നാടയ്ക്കെതിരെ പിണറായി; പികെ ശ്യാമളയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് സാജന്റെ ഭാര്യയുടെ പരാതി

അര്‍ഹത മാനദണ്ഡമായി എടുത്ത് അനുവദിക്കാവുന്ന കാര്യങ്ങളെല്ലാം അനുവദിക്കണം. അതിന് കാലതാമസം ഉണ്ടാകാന്‍ പാടില്ല.

കണ്ണൂര്‍ ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചുവപ്പുനാടകള്‍ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥര്‍ നാണക്കേടുണ്ടാക്കരുത് എന്നും പിണറായി പറഞ്ഞു. അര്‍ഹത മാനദണ്ഡമായി എടുത്ത് അനുവദിക്കാവുന്ന കാര്യങ്ങളെല്ലാം അനുവദിക്കണം. അതിന് കാലതാമസം ഉണ്ടാകാന്‍ പാടില്ല. അര്‍ഹതയുള്ളവരെ അനാവശ്യമായി നടത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുവപ്പ് നാട എന്നത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നമുക്ക് സാധിക്കണം. ഇക്കാര്യം എല്ലാവരും പ്രത്യേക രീതിയില്‍ തന്നെ മനസ്സില്‍ സൂക്ഷിക്കണം. സിവില്‍ സര്‍വീസിന്റെ ഏത് കണ്ണിയായാലും പൊതുജന സേവനത്തിന് വേണ്ടിയുള്ളതാണെന്ന ധാരണ വേണം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആകെ നാണക്കേടുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ മരിച്ച പ്രവാസി സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ശ്യമാളയുടെയും ഉദ്യോഗസ്ഥരുടെയും പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് ബീന ആവശ്യപ്പടുന്നു.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി തരില്ലെന്ന് പി കെ ശ്യാമളയും നഗരസഭ സെക്രട്ടറിയും പറഞ്ഞു എന്നും പരാതിയില്‍ പറയുന്നു. ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥരും പദവിയും അധികാരവും ദുര്‍വിനിയോഗം ചെയ്തുവെന്നും ബീന പരാതിയില്‍ ആരോപിക്കുന്നുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യയായ ശ്യാമളയ്‌ക്കെതിരായ പരാതി കണ്ണൂര്‍ ജില്ല നേതൃത്വത്തില്‍ പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുകയും പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയുമാണ്. നഗരസഭ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

This post was last modified on June 21, 2019 7:35 pm