X

‘ബഹിരാകാശത്ത് കളി വേണ്ട’; ഇന്ത്യക്ക് താക്കീതുമായി യുഎസ്

പരീക്ഷണത്തിൽ ഉണ്ടായ 250 ചെറുഭാഗങ്ങളെ നിരീക്ഷിച്ച് വരികയാണെന്നും യുഎസ് ഡിഫൻസ് സെക്രട്ടറി പാട്രിക്ക് ഷാൻഹാൻ വ്യക്തമാക്കി.

ഉപഗ്രഹ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് പ്രഖ്യപനത്തിന് പിറകെ ഇന്ത്യക്ക് മുന്നറിയിപ്പുമായി യുഎസ്. ബഹിരാകാശം എല്ലാവര്‍ക്കും പ്രവർത്തിക്കാനുള്ള ഇടമാണ്. ഇത്തരം പരീക്ഷണങ്ങൾ ബഹിരാകാശത്ത് മാലിനീകരണത്തിന് കാരണമാവുമെന്നും യുഎസ് പറയുന്നു. പരീക്ഷണത്തിൽ ഉണ്ടായ 250 ചെറുഭാഗങ്ങളെ നിരീക്ഷിച്ച് വരികയാണെന്നും യുഎസ് ഡിഫൻസ് സെക്രട്ടറി പാട്രിക്ക് ഷാൻഹാൻ വ്യക്തമാക്കി. യുഎസ് മിലിറ്ററി സൗത്തേൺ കമാൻഡ് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നലെ ഉച്ചയോടെയായിരുന്നു ഉപഗ്രഹ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യ വെളിപ്പെടുത്തിയത്. ചാര ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്തുന്നതിനുള്ള മിസൈൽ വിക്ഷേപണത്തിൽ ഇന്ത്യ വിജയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോകത്തെ അറിയിച്ചത്.

300 കിലോമീറ്റർ ഉയരത്തിലുള്ള ഉപഗ്രഹം ‘മിഷൻ ശക്തി’ ഓപ്പറേഷൻ മൂന്ന് മിനിറ്റിൽ ലക്ഷ്യം കണ്ടതായും ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എ സാറ്റ് എന്നു പേരിട്ടിരിക്കുന്ന മിസൈൽ ലോ എർത്ത് ഓർബിറ്റിൽ പ്രവർത്തനസജ്ജമായിരുന്ന ഉപഗ്രഹമാണ് തകർത്തത്.

അതേ സമയം ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രതിരോധ ആവശ്യങ്ങൾക്കുമായാണ് പരീക്ഷണം നടത്തിയത്. ഇന്ത്യയുടെ ഈ കഴിവ് മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കില്ലെന്ന്, രാജ്യാന്തര സമൂഹത്തിന് ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Also Read- ഇന്ത്യ സാങ്കല്‍പിക ശത്രുവിനോട് യുദ്ധം ചെയ്യുന്നു, ബഹിരാകാശം സൈനികവല്‍ക്കരിക്കാന്‍ ഞങ്ങളില്ല, ഇന്ത്യന്‍ നേട്ടത്തോട് പ്രതികരിച്ച് പാകിസ്താന്‍

This post was last modified on March 28, 2019 12:28 pm