X

ബാലഭാസ്‌കറിന്റെയും മകളുടെയും മരണവിവരം ലക്ഷ്മിയെ അറിയിച്ചെന്ന് സ്റ്റീഫന്‍ ദേവസ്സി

തിങ്കളാഴ്ച പുലര്‍ച്ചെ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായും ഇവര്‍ സ്വന്തമായി ശ്വസിച്ച് തുടങ്ങിയെന്നും അദ്ദേഹം ലൈവിലൂടെ അറിയിച്ചു.

വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ച വിവരം ചികില്‍സയില്‍ കഴിയുന്ന ഭാര്യ ലക്ഷ്മിയെ അറിയിച്ചതായി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി. ഫെയ്‌സ്ബുക്ക് ലൈവിലായിരുന്നു ദേവസ്സി ഇക്കാര്യം പുറത്തുവിട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായും ഇവര്‍ സ്വന്തമായി ശ്വസിച്ച് തുടങ്ങിയെന്നും അദ്ദേഹം ലൈവിലൂടെ അറിയിച്ചു. ഡോക്ടര്‍ നല്‍കിയ വിവരപ്രകാരമാണ് ഇക്കാര്യം അറിയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ലക്ഷ്മിയുടെ ബോധം പൂര്‍ണമായും തെളിഞ്ഞിട്ടുണ്ട്. രണ്ടു മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബാലബാസ്‌കറിനും കുടുംബത്തിനും ഒപ്പം അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറും കുടുംബസുഹൃത്തുമായ അര്‍ജുനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്.

തിരുവന്തപുരം പള്ളിപ്പുറത്തുവച്ച് സെപ്റ്റംബര്‍ 25-നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ അപകടദിവസവും ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെയുമാണ് മരിച്ചത്. കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

‘എന്നെ തിരിച്ചറിയാന്‍ ഒരു പാട്ട് പാടിക്കോട്ടേ?’ ഗാലറിയില്‍ ഇരിക്കുന്ന മകള്‍ക്കായി വയലിനില്‍ താരാട്ട് പാടുന്ന ബാലഭാസ്‌ക്കര്‍/ വീഡിയോ

This post was last modified on October 9, 2018 9:15 am