X

ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബിയുടേത് കള്ള മൊഴിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

ബാലഭാസ്‌കറും മകളും മരിച്ച അപകടത്തിന്റെ കാരണം അശ്രദ്ധയും അമിത വേഗതയിലുള്ള ഡ്രൈവിംഗുമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്

പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ കലാഭവന്‍ സോബി നല്‍കിയത് കള്ളമൊഴിയാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. സോബി കണ്ടു എന്ന് മൊഴി നല്‍കിയ ജിഷ്ണുവും വിഷ്ണുവും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നതിന് തെളിവായി ഫോണ്‍ ലൊക്കേഷനുകളും പാസ്‌പോര്‍ട്ട് രേഖകളുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കലാഭവന്‍ സോബി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവ സമയത്ത് ആരാണ് കാര്‍ ഓടിച്ചതെന്ന് കണ്ടെത്തുക മാത്രമാണ് ഇനി അന്വേഷണത്തില്‍ ബാക്കിയുള്ളതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ന്യൂസ് 18 ആണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബാലഭാസ്‌കറും മകളും മരിച്ച അപകടത്തിന്റെ കാരണം അശ്രദ്ധയും അമിത വേഗതയിലുള്ള ഡ്രൈവിംഗുമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. അമിത വേഗം ഒഴിച്ച് അസാധാരണമായ ഒന്നും സംഭവ ദിവസം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിട്ടുണ്ട്. അസ്വാഭാവികമായി ഒന്നുമുണ്ടായില്ലെന്ന് സംഭവസ്ഥലത്തിന് അടുത്ത് താമസിക്കുന്നവരും മൊഴി നല്‍കിയതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബാലഭാസ്‌കറിന്റെ കാര്‍ അമിത വേഗതയിലായിരുന്നെന്നതിനും തെളിവുണ്ട്. കലാഭവന്‍ സോബിയ്ക്ക് ഭീഷണിയുണ്ടെന്ന വാദവും കളവാണ്. ജീവന് ഭീഷണിയുണ്ടെന്ന് സോബി ഒരിക്കലും ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടില്ല. മൊഴി നല്‍കിയ ശേഷം ഒരിക്കല്‍ പോലും ക്രൈംബ്രാഞ്ചിനെ വിളിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

read more:ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സിനഡിന്റെ ഉറപ്പ്; കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി, സമരത്തില്‍ നിന്നും താത്കാലികമായി പിന്മാറുന്നതായി വൈദികര്‍

This post was last modified on July 21, 2019 6:57 am

Related Post
Leave a Comment