X

കോടിക്കണക്കിന് രൂപയുടെ വണ്ടി ചെക്ക് നല്‍കി, തുഷാർ വെള്ളാപ്പള്ളി ദുബായില്‍ അറസ്റ്റില്‍

തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്.

കോടികളുടെ വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിലാണ് തുഷാറിനെ കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് പരാതിക്കാർ തുഷാറിനെ വിളിച്ചു വരുത്തിയത് പ്രകാരമാണ് അദ്ദേഹം കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് തിരിച്ചത്. ഇതിന്റെ ചര്‍ച്ചക്കിടയിലാണ് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ചെക്ക് സംബന്ധിച്ച് പരാതി നിലവിലുള്ളതായി സംബന്ധിച്ച് തുഷാര്‍ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയുടെ ഇടപാടിന്റെ പേരിലാണ് നടപടി. ഈ കമ്പനിയുടെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി. ഇതിനിടെ നഷ്ടത്തിലായ കമ്പനി പത്തുവര്‍ഷം മുമ്പ് വെള്ളാപ്പള്ളി കൈമാറി. തുടർന്നുണ്ടായ സാമ്പത്തിക ഇടപാട് പ്രകാരമാണ് നാസില്‍ അബ്ദുള്ളക്ക് നല്‍കാനുള്ള പണത്തിന് പകരം തിയതി വെക്കാതെ ചെക്ക് നൽകിയത്. ഇതാണിപ്പോൾ നടപടിക്ക് കാരണമായത്.

അതേസമയം, അറസ്റ്റിന് പിന്നാലെ യു എ യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തിങ്കിലും പരാതിക്കാര്‍ കേസ് പിന്‍വലിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചില്ല. യു.എ.ഇ യിലെ ചില പ്രമുഖ പ്രവാസി വ്യവസായികള്‍ മുഖേന തുഷാറിനെ വ്യാഴാഴ്ച തന്നെ ജാമ്യത്തില്‍ ഇറക്കാനാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചെക്ക് കേസ് ആയതിനാല്‍ പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ തന്നെ പുറത്തിറങ്ങാനാവുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

Also Read- കെട്ടുകഥകള്‍ പൊളിയുന്നു; ഹിമാലയത്തിലെ രൂപ്കുണ്ട് തടാകത്തിലെ അസ്ഥികളില്‍ ഭൂരിഭാഗവും 1000 വര്‍ഷങ്ങള്‍ക്കിടയില്‍ മരണപ്പെട്ട ഗ്രീക്ക് വംശജരുടേതെന്ന് ഡി എന്‍ എ പഠനം

 

This post was last modified on August 22, 2019 7:57 am