X

ചൂട് കുറഞ്ഞു; നിര്‍ബന്ധിത ഉച്ചവിശ്രമം അവസാനിച്ചു

തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ തുടരണം.

യുഎഇയില്‍ ചൂട് കുറഞ്ഞ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന നിര്‍ബന്ധിത ഉച്ചവിശ്രമം അവസാനിച്ചു. കൊടുംചൂട് അനുഭവപ്പെടുന്ന ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 നും മൂന്നുമണിക്കും ഇടയിലായിരുന്നു നിര്‍ബന്ധിത ഉച്ചവിശ്രമം. ഉച്ചവിശ്രമം അവസാനിക്കാന്‍ നാളുകള്‍ ബാക്കിയിരിക്കേ അധികൃതര്‍ പരിശോധന ഊര്‍ജിതമാക്കിയിരുന്നു. നിയമലംഘനം നടത്തി തൊഴിലാളികളെ പണിയെടുപ്പിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കാനായിരുന്നു തീരുമാനം. സൂര്യതാപം ഏല്‍ക്കുന്നവിധം തുറന്നസ്ഥലങ്ങളില്‍ ജോലിചെയ്യുന്നത് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കര്‍ശനമായി വിലക്കിയിരുന്നു.

സെപ്റ്റംബര്‍ 15-ന് ഉച്ചവിശ്രമനിയമം ഔദ്യോഗികമായി അവസാനിക്കുമെങ്കിലും വേനല്‍ക്കാലം അവസാനിക്കുന്നതുവരെ തൊഴിവാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശമുണ്ട്. ചൂടേറ്റ് തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ തുടരണം. ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഹെല്‍മെറ്റ് ധരിക്കണം. തണല്‍ ലഭിക്കുന്നതിനാവശ്യമായ വലിയ കുടകള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്. കുടിവെള്ളവും സുലഭമാക്കണം. അതേസമയം രാജ്യത്ത് ചൂടിന് അല്‍പ്പം ശമനമായി. 38 ഡിഗ്രിയായിരുന്നു ഞായറാഴ്ച ദുബായിലും അബുദാബിയിലുമായി രേഖപ്പെടുത്തിയ ഏറ്റവുമുയര്‍ന്ന ചൂട്.

This post was last modified on September 16, 2019 12:57 pm