X

മഞ്ചേശ്വരത്തേക്ക് ഇനിയില്ല; തിര‍ഞ്ഞെടുപ്പ് ഹർജി പിൻവലിക്കാൻ നേതൃത്വത്തിന്റെ അനുമതി തേടിയെന്ന് സുരേന്ദ്രൻ

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യതകൂടി തെളിയുകയാണ്.

തിരുവനന്തപുരത്തുൾപ്പെടെ ലോകസഭാതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനിടെ മഞ്ചേശ്വരം മണ്ഡലത്തിൽ ഇനി മത്സരിക്കാനില്ലെന്ന സൂചന നൽകി കെ സുരേന്ദ്രൻ. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിൻവലിക്കുന്ന കാര്യം പരിഗണിക്കുന്നെന്ന് സൂചന നൽകിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഞ്ചേശ്വരം മണ്ഡലത്തിൽ ഇനി മത്സരിക്കാനില്ലെന്നും സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യതകൂടി തെളിയുകയാണ്.

89 വോട്ടിനായിരുന്നു കഴിഞ്ഞ നിയമ സഭാതിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ പി.ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. ഫലം ചോദ്യം ചെയത് സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ പരാതി പരിഗണനയിൽ ഇരിക്കെ പി.ബി അബ്ദുള്‍ റസാഖ് മരണമടയുകയും ചെയ്തു. എന്നാൽ കേസുമായി മുന്നോട്ട് പോകുമെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്.

അതിനിടെ ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളിലേക്ക് കെ സുരേന്ദ്രനെ പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകൾക്ക് പിറകെയാണ് അദ്ദേഹം നിലപാടുമാറ്റുന്നത്. 2011 ലും 2016 ലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലും 2009 ലും 2014 ലും കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലുമായി നാല് തവണ സ്ഥാനാർത്ഥിയായിരുന്നു കെ സുരേന്ദ്രൻ.

This post was last modified on February 17, 2019 8:03 pm