രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവിനെതിരെ പാർട്ടിയിൽ അച്ചടക്ക നടപടി. മധ്യപ്രദേശ് ബിജെപി വക്താവ് അനില്‍ സൗമിത്രയെയാണ് പാർട്ടി സസ്‌പെന്‍ഡ് ചെയ്തത്. മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവാണെന്ന പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്‍പ്പെടെ സൗമിത്രയെ സസ്‌പെന്‍ഡ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബിജെപി മാധ്യമ വിഭാഗം തലവനായിരുന്നു അനില്‍ സൗമിത്ര പോസ്റ്റ് വിവാദമായതിന് പിറകെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ രാകേഷ് സിങ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. നടപടിയിൽ നേരത്തെ വിശദീകരണം തേടിയ പാർട്ടി ബിജെപി മാധ്യമ വിഭാഗം തലവനായിരുന്ന അനില്‍ സൗമിത്രയോട് ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിരുന്നു.
മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെപ്പറ്റി ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി അനില്‍ സൗമിത്ര രംഗത്തെത്തിയത്. ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന സിങിന്റെ പരാമർശം പരാമര്‍ശയിരുന്നു വിവാദമായത്. പരാമർശം പിന്നീട് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിനിടെ പ്രഗ്യയെ പിന്തുണച്ച് കേന്ദ്രമന്ത്രി അനന്ത കുമാര്‍ ഹെഗ്‌ഡെ, കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി എം.പി നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരും രംഗത്തെത്തി.
എന്നാല്‍ പ്രഗ്യയെ തള്ളിപ്പറയുന്നു നിലപാടിയിരുന്നു ബിജെപി ദേശീയ നേതൃത്വം സ്വീകരിച്ചത്. പ്രസ്താവനയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയ ബിജെപി സ്ഥാനാര്‍ഥികളായ പ്രജ്ഞ സിങ് താക്കൂര്‍, കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ പത്തു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുറിച്ച ട്വീറ്റിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
Leave a Comment