X

സിഒടി നസീര്‍ വധശ്രമ കേസ്: ഷംസീര്‍ എംഎല്‍എയുടെ മുന്‍ ഡ്രൈവറായ സിപിഎമ്മുകാരന്‍ അറസ്റ്റില്‍

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ മുന്‍ ഡ്രൈവറും സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറിയുമായ രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തലശേരിയില്‍ സിപിഎം വിമതന്‍ സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എഎന്‍ ഷംസീര്‍ എംഎല്‍എയുടെ മുന്‍ ഡ്രൈവറും സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറിയുമായ രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നസീറിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. തലശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ സെക്രട്ടറിയായിരുന്ന രാജേഷ് ഒട്ടേറെ തവണ പൊട്ടിയന്‍ സന്തോഷിനെ ഫോണില്‍ വിളിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളിയിരുന്നു.

മെയ് 18ന് രാത്രി 7.30ന് തലശേരി കായ്യത്ത് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്ത് വച്ചാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം സിഒടി നസീറിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം ഇപ്പോഴും പറയുന്നത്. അതേസമയം എഎന്‍ ഷംസീറിന് തന്നെ ആക്രമിച്ചതില്‍ പങ്കുണ്ടെന്നാണ് നസീര്‍ ആരോപിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പി ജയരാജനെതിരെ സിഒടി നസീര്‍ മത്സരിച്ചിരുന്നു.

സിഒടി നസീറിനെ ആക്രമിക്കുന്നതിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നസീറിനെ കുത്തി വീഴ്ത്തിയ ശേഷം ബൈക്ക് ഓടിച്ചുകയറ്റുന്നതിന്റെ കൂടുതല്‍ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണ സംഘം തെളിവെടുപ്പ് തുടരുന്നുണ്ട്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരടക്കം അഞ്ചു പേരാണ് ഇതുവരെ അറസ്റ്റിലായത്.