X

കാലിക്കടത്ത്: 24 പേരെ ഗോ രക്ഷകർ കെട്ടിയിട്ട് മർദ്ദിച്ചു, ‘ഗോമാതാ കീ ജയ്’ വിളിപ്പിച്ചു

മർദനമേറ്റ വ്യക്തികളുടെ പക്കൽ കാലികളെ കൊണ്ടുപോവുന്നതിന് നിയമാനുസൃതമായ രേഖകൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് സൂപ്രണ്ട് ശിവദയാൽ സിങ്ങ് പറഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും ഗോ രക്ഷകരുടെ ആക്രമണം. മധ്യപ്രദേശിലെ സവാലികേഡ ഗ്രാമത്തിലാണ് സംഭവം. മഹാരാഷ്ട്രയിലെ കാലി ചന്തയിലേക്ക് കാലികളെ കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നൂറോളം വരുന്ന ഗോ രക്ഷകൾ 24 യുവാക്കളെ കെട്ടിയിട്ട് മർദ്ദിച്ചത്. 15 പേരെ ഒരു കയറിൽ ബന്ധിച്ച് ഗോ മാതാവിന് ജയ് വിളിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് വാർത്ത പുറത്തറിഞ്ഞത്.

മൊബൈൽ ഫോണില്‍ പകർത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ആക്രമിക്കപ്പെടുന്ന യുവാക്കളുടെ മുഖം ദൃശ്യമാവുന്ന തരത്തിലാണ് വീഡിയോ പകര്‍ത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമികൾ ഗോരക്ഷരുടെ ബാൻഡ് ധരിച്ചിട്ടുള്ളതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഗോ രക്ഷകർ പിടികൂടിയ യുവാക്കളെ ജനത്തിരക്കുള്ള റോഡിലൂടെ മുന്ന് കിലോ മീറ്ററോളം നടത്തിക്കുകയും വഴിയിലൂടനീളം ഗോ മാതാവിന് ജയ് വിളിപ്പിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഖൽവ പോലീസ് സ്റ്റേഷനിലേക്കുള്ള വഴി മധ്യേയാണ് മർദ്ദനം അരങ്ങേറിയതെന്നും വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, മർദനമേറ്റ വ്യക്തികളുടെ പക്കൽ കാലികളെ കൊണ്ടുപോവുന്നതിന് നിയമാനുസൃതമായ രേഖകൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് സൂപ്രണ്ട് ശിവദയാൽ സിങ്ങ് പറഞ്ഞു. ഈ 24 പേരുടെ പക്കലും മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. കാലികളെ കൊണ്ടു പോവുന്നതിനുള്ള മാനദണ്ഡങ്ങളും ഇവർ പാലിച്ചിരുന്നില്ല. അതിതാൽ ഇവർക്കെതിരെ സംസ്ഥാനത്തെ കാല സംരക്ഷണ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ ഖൻഡ്വ, ഷെഹർ, ദേവാസ് സ്വദേശികളാണ് ഇവർ. 24 അംഗ സംഘത്തിൽ ആറു പേർ മുസ്ലീംങ്ങളാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.