X

ജര്‍മ്മന്‍ യുവതി എവിടെ? ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്ന് ഡിജിപി, എവിടെ നിന്ന് കാണാതായെന്ന് അറിയില്ല

ഇതുവരെ ഒരു വിവരവും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതില്‍ ജര്‍മ്മന്‍ കോണ്‍സുലേറ്റിന് കടുത്ത അതൃപ്തിയുണ്ട്.

കേരളത്തിലെത്തിയ ജര്‍മ്മന്‍ യുവതിയെ കാണാതായി ആഴ്ചകള്‍ കഴിഞ്ഞിട്ടും യാതൊരു വിവരവും കണ്ടെത്താന്‍ കഴിയാതെ പൊലീസ്. സുഹൃത്തിനൊപ്പം തിരുവനന്തപുരത്തെത്തിയ ജര്‍മ്മന്‍ സ്വദേശി ലിസ വെയ്‌സിനെയാണ് കാണാതായത്. ഇതുവരെ ഒരു വിവരവും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതില്‍ ജര്‍മ്മന്‍ കോണ്‍സുലേറ്റിന് കടുത്ത അതൃപ്തിയുണ്ട്. ലിസയുടെ അമ്മ കോണ്‍സുലേറ്റിന് പരാതി നല്‍കിയിരുന്നു.

നേരത്തെയും ലിസ കേരളത്തില്‍ വന്നിട്ടുണ്ട്. തിരിച്ചുപോയ ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ജര്‍മ്മനിയിലെ ബന്ധുക്കളില്‍ നിന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സുഹൃത്ത് ജര്‍മ്മനിയിലേയ്ക്ക് തിരിച്ചുപോയിരുന്നു.

അതേസമയം ഇന്റര്‍പോളുമായും ജര്‍മ്മന്‍ ഏജന്‍സികളുമായും ബന്ധപ്പെട്ടുവരുകയാണെന്നും എവിടെ നിന്നാണ് യുവതിയെ കാണാതായത് എന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹറ പറഞ്ഞു. ജര്‍മ്മനിയിലേയും സ്റ്റോക്‌ഹോമിലേയും ലണ്ടനിലേയും ഏജന്‍സികളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാരുമായും ന്യൂഡല്‍ഹിയിലെ ജര്‍മ്മന്‍ എംബസിയുമായും ബന്ധപ്പെടുന്നുണ്ട് – ബെഹറ പറഞ്ഞു.

This post was last modified on July 9, 2019 9:00 am