X

സിപിഐ മാർച്ചിനെതിരായ ലാത്തിചാര്‍ജ്: പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി, സർക്കാർ തീരുമാനം കാത്തിരിക്കുന്നെന്ന് എല്‍ദോ എബ്രഹാം എംഎൽഎ

പതിനെട്ട് സെക്കന്‍റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നും കാര്യമായ ബലപ്രയോഗം ഉണ്ടായിട്ടില്ലെന്നുമാണ് കളക്ടറുടെ റിപ്പോർട്ടെന്നാണ് വിവരം.

മൂവാറ്റുപുഴ എംഎൽഎ എല്‍ദോ എബ്രഹാം ഉള്‍പ്പെടെുള്ള സിപിഐ നേതാക്കൾക്ക് പരിക്കേൽക്കാൻ ഇടയാക്കിയ ലാത്തിച്ചാർജ്ജിന് നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെക്കേണ്ടതില്ലെന്ന് ഡിജിപി. ലാത്തിച്ചാർജ്ജ് സംബന്ധിച്ച് കളക്ടർ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ നടപടിയിൽ പിഴവുകള്‍ ഉണ്ടെന്ന് എടുത്തുപറയുന്നില്ല. ഈ സാഹചര്യത്തിൽ നടപടിയെടുക്കാന്‍ ആവില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിലപാട്. ഇക്കാര്യം ഡിജിപി ആഭ്യന്തരസെക്രട്ടറിയെ അറിയിച്ചു.

ജൂലായ് രണ്ടാം വാരത്തിൽ ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയായിരുന്നു ലാത്തിച്ചാര്‍ജ്ജുണ്ടായത്. എഐഎസ്എഫ് പ്രവർത്തകരെ കായികമായി നേരിട്ട ഞാറയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. സിപിഎം- സിപിഐ പാർട്ടികളെ തുറന്ന പോരിലേക്ക് നയിച്ച സംഭവത്തിൽ മന്ത്രി സഭായോഗത്തിൽ ഉൾപ്പെടെ പ്രതിഷേധം ഉയർവന്നിരുന്നു. എംഎല്‍എയെയും പാര്‍ട്ടി നേതാക്കളെയും തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്നായിരുന്നു മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരുടെ ആവശ്യം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ കളക്ടര്‍ അന്വേഷണം നടത്തിയത്.

അതേസമയം, പതിനെട്ട് സെക്കന്‍റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നും കാര്യമായ ബലപ്രയോഗം ഉണ്ടായിട്ടില്ലെന്നുമാണ് കളക്ടറുടെ റിപ്പോർട്ടെന്നാണ് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് പരിഗണിച്ചാണ് ഡിജിപിയുടെ നടപടി. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഡിജിപിയോടും സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേലുള്ള അഭിപ്രായം ചോദിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പൊലീസുകാര്‍ക്കെതിരെ വലിയ പിഴവുകളൊന്നും എടുത്തുപറയുന്നില്ലെന്ന് പോലീസ് മേധാവി വ്യക്തമാക്കുന്നത്.

അതേസമയം, ലാത്തിച്ചാർജ്ജ് സംബന്ധിച്ച വിഷയത്തിൽ കളക്ടറുടെയും ഡിജിപിയുടെയും റിപ്പോർട്ട് അല്ല മുഖ്യമന്ത്രിയയും സർക്കാരും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്ന് പരിക്കറ്റ എല്‍ദോ എബ്രഹാം എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിജിപി അല്ലേ നടപടി വേണ്ട എന്ന് പറഞ്ഞത്, സർക്കാരും മുഖ്യമന്ത്രിയും എന്ത് പറയുമെന്ന് നോക്കാം, ആ തീരുമാനം കൂടി അറിഞ്ഞിട്ടു പ്രതികരിക്കാം  എൽദോ എബ്രഹാം അഴിമുഖത്തോട് വ്യക്തമാക്കി.

എന്നാൽ കളക്ടറുടെ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെ നിലപാട്, സർക്കാർ തീരുമാനം വരട്ടെയെന്നും അദ്ദേഹം പറയുന്നു.  ലാത്തിച്ചാർജ്ജ് വിഷയത്തിൽ കൊച്ചി അസിസ്റ്റന്‍റ് കമ്മീഷണര്‍ ലാല്‍ ജി, എസ്ഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി ആവശ്യപ്പെട്ടിരുന്നത്.

Also Read- ഇന്നലെ വരെ 75 ലോഡ്, ഇതൊക്കെ എങ്ങനെ സാധിക്കുന്നു ‘മേയര്‍ ബ്രോ’? തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്‌ മറുപടി പറയുന്നു

This post was last modified on August 17, 2019 11:04 am