X

‘ഇവരൊന്നും രാഷ്ട്രീയക്കാരല്ല, ക്രിമിനലുകളാണ്’; അടൂരിനെതിരായ പരാമര്‍ശത്തിൽ ബിജെപി നേതാവിനെ വിമർശിച്ച് കമൽ

ബിജെപി നേതാവിന്റെ വാക്കുകൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെയുള്ള ബിജെപി നേതാവ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്റെ വിമർശനങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായി കമൽ. ചലചിത്ര ആസ്വാദകരെല്ലാം സ്നേഹിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചാണ് ഒരു രാഷ്ട്രീയ നേതാവ് ഇത്തരം വിലകുറഞ്ഞ പരാമർശങ്ങൾ നടത്തിയത്. കേരളത്തിലെ സാംസ്കാരിക പ്രവ‌‌ർത്തകരെല്ലാം വ്യക്തമായ കാഴ്ചപാടും നിലപാടും ഉള്ളവരാണ്. ഇവരെ തെരഞ്ഞു പിടിച്ച് ആക്രമിക്കുക എന്നതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോൾ കണ്ടതെന്നും കമൽ പറഞ്ഞു.

ഫാൽക്കേ അവാ‌‌ർഡും പത്മഭൂഷണുമെല്ലാം നേടിയ ലോകത്തിലെ തന്നെ പ്രമുഖരിൽ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. എന്തൊ കിട്ടാൻ ആഗ്രഹിച്ചിട്ടാണ് അടൂ‌ർ ​ഗോപാലകൃഷ്ണൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നെന്ന് പറയുന്ന മനുഷ്യനെ എങ്ങനെയാണ് രാഷ്ട്രീയക്കാരനെന്ന് പറയാൻ കഴിയുക, ഇവരൊക്കെ ക്രിമിനലുകളാണെന്നും രാജ്യദ്രോഹികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, ഇത്തരം പരാമ‌ർശങ്ങൾ ഈ കാലത്ത് നമ്മൾ പ്രതീക്ഷക്കണം, എന്നാൽ അടൂ‌‌ർ ​ഗോപാലകൃഷ്ണനെ പോലെയുള്ള കലാകാരൻമാർക്കെതിരയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ എതിർക്കുക തന്നെ ചെയ്യും. ജനാധിപത്യത്തിനെതിരെ ഒരു വാക്ക് പോലും പറയാത്ത ആളുകൾക്കെതിരെ ഇത്തരം പരാമ‌‌ർങ്ങളുണ്ടാകുമ്പോൾ സാധാരണക്കാരെ ഇവർ വെറുതെ വിടുമോ എന്ന് ചോദിച്ച അദ്ദേഹം ജയ് ശ്രീറാം വിളിക്കാൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന പരാമർശത്തിൽ തന്നെ അവരുടെ അജണ്ട വ്യക്തമാണ്. അടൂരിനെ ചീത്ത വിളിച്ചാൽ പബ്ലിസിറ്റി കിട്ടുമെന്നും അയാൾ കരുതിയിരിക്കാമെന്നും എന്ന് കൂടി കമൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, അടൂർ ഗോപാലകൃഷ്ണനെതിരെ പ്രകോപനകരമായ പ്രതികരണം നടത്തിയ ബിജെപി നേതാവിന്റെ വാക്കുകൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. സംഘടന പുറത്തിറക്കിയ പ്രസ്താവനയിലാരുന്നു പ്രതികരണം. എല്ലാ പൗരന്‍മാരെയും പോലെ അടൂരിനും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഡിഐഎഫ്ഐ വ്യക്തമാക്കുന്നു.

ഭീഷണിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കേണ്ട. അടുർ ഗോപാലകൃഷ്ണപോലുള്ളവർ ഇനിയും പ്രതികരണവുമായി രംഗത്തെത്തും. ആര്‍എസ്എസിന്‍റെ ഇത്തരം ഭീഷണികള്‍ കേരളത്തില്‍ വിലപ്പോവില്ല. ഈ വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായി ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു. ലോകം ആദരിക്കുന്ന മഹാ പ്രതിഭയാണ് അടൂർ രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളേയും ജയ്‌ശ്രീറാം വിളിപ്പിച്ച് ആൾക്കൂട്ട വിചാരണ നടത്തുന്ന സാഹചര്യത്തെയും വിമർശിച്ചു കൊണ്ട് അടൂര്‍ പ്രസ്താവനയിറക്കിയതാണ് ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നതെന്നും ഡിവൈഎഫ് ഐ പറയുന്നു. ഭീഷണി മുഴക്കിയ ബിജെപി യുടെ രാഷ്ട്രീയ നെറികേടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്നും ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

‘ഇനിയെനിക്ക് അവാർഡൊന്നും കിട്ടാനില്ല, ജിലേബി വല്ലതും തന്നാൽ വാങ്ങാം’: ബി ഗോപാലകൃഷ്ണന് അടൂരിന്റെ മറുപടി

This post was last modified on July 25, 2019 6:57 pm