X

എംഎല്‍എമാരെ കാണാന്‍ ചെന്ന ഡികെ ശിവകുമാറിനെ മുംബയ് പൊലീസ് ഹോട്ടലിന് മുന്നില്‍ തടഞ്ഞു

ബിജെപി നേതാക്കള്‍ക്ക് ഹോട്ടലില്‍ പ്രവേശനം നല്‍കുന്ന പൊലീസ് തന്നെ എന്തിനാണ് തടയുന്നത് എന്ന് മനസിലാകുന്നില്ല എന്ന് ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജി നല്‍കിയ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാന്‍ മുംബയ് പൊവായിലെ റിനൈസന്‍സ് ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് ഹോട്ടലിന് മുന്നില്‍ തടഞ്ഞു. ശിവകുമാര്‍ മുംബൈയിലെത്തുന്നത് തങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്നുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ മുംബയ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. താന്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും എംഎല്‍എമാര്‍ തന്റെ സുഹൃത്തുക്കളാണെന്നും ശിവകുമാര്‍ പറഞ്ഞെങ്കിലും അകത്തേയ്ക്ക് പോകാന്‍ പൊലീസ് അനുവദിച്ചില്ല. ബിജെപി നേതാക്കള്‍ക്ക് ഹോട്ടലില്‍ പ്രവേശനം നല്‍കുന്ന പൊലീസ് തന്നെ എന്തിനാണ് തടയുന്നത് എന്ന് മനസിലാകുന്നില്ല എന്ന് ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തങ്ങള്‍ക്ക് ഭീഷണിയുള്ളതായി കാണിച്ച് സുരക്ഷ ആവശ്യപ്പെട്ട് പൊവായിലെ ഹോട്ടലില്‍ താമസിക്കുന്ന 10 എംഎല്‍എമാര്‍ പൊലീസിനെ സമീപിച്ചു. എംഎല്‍എമാരുടെ രാജിയില്‍ തീരുമാനമെടുക്കുന്നത് സ്പീക്കര്‍ രമേഷ് കുമാര്‍ അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. എട്ട് എംഎല്‍എമാര്‍ തനിക്ക് നേരിട്ട് രാജിക്കത്ത് നല്‍കിയിട്ടില്ല എന്നും നേരിട്ട് രാജി നല്‍കിയാല്‍ മാത്രമേ പരിഗണിക്കാനാകൂ എന്നും സ്പീക്കര്‍ ഇന്നലെ പറഞ്ഞിരുന്നു. നിലവില്‍ ബിജെപിക്ക് 107 അംഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് 103 പേരുടെ പിന്തുണയുമാണുള്ളത്.

ശിവറാം ഹെബ്ബര്‍, പ്രതാപ് ഗൗഡ പാട്ടീല്‍, ബിസി പാട്ടീല്‍, ബ്യാരതി ബസവ്‌രാജ്, എസ് ടി സോമശേഖര്‍, രമേഷ് ജര്‍ക്കിഹോൡ ഗോപാലയ്യ, എച്ച് വിശ്വനാഥ്, നാരായണ്‍ ഗൗഡ, മഹേഷ് കുമിതാളി എന്നിവരാണ് മുംബയ് ഹോട്ടിലിലുള്ളത്. കുമാരസ്വാമിയും ശിവകുമാറും ഞങ്ങളെ ആക്രമിക്കാന്‍ വരുന്നതായി കേട്ടു. ഞങ്ങള്‍ ഭീഷണി നേരിടുകയാണ്. ശിവകുമാറിനെ കാണാന്‍ താല്‍പര്യമില്ല – മുംബയ് പൊലീസിന് നല്‍കിയ പരാതിയില്‍ വിമത എംഎല്‍എമാര്‍ പറയുന്നു.

This post was last modified on July 10, 2019 11:38 am