X

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ കാർ തട‍ഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

വൈപ്പിന്‍ സര്‍ക്കാര്‍ കോളേജിലുണ്ടായ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജില്ലാ സെക്രട്ടറി.

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ കാർ തടഞ്ഞ് ഡിഐഎഫ് ഐ പ്രവർത്തകർ. ക്യാമ്പസിലെ സംഘടനാ സ്വാതന്ത്ര്യത്തെചൊല്ലിയുളള എസ്എഫ്ഐ- എഐഎസ്എഫ് തർക്കം രൂക്ഷമാവുന്നതിനിടെയാണ് വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള എറ്റുമുട്ടൽ പരസ്യമായ വെല്ലുവിളിയിലേക്കും എറ്റുമുട്ടിലേക്കും നീങ്ങുന്നത്. പി.രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് ഇതിന്റെ അവസാന സംഭവം.

വൈപ്പിന്‍ സര്‍ക്കാര്‍ കോളേജിലുണ്ടായ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തിൽ പരിക്കേറ്റ എഐഎസ്എഫ് കോളേജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി പി.രാജു. എന്നാൽ മടങ്ങിപ്പോവുന്നതിനിടെ ഞാറക്കലിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം.

പി.രാജുവിന്റെ ഇടപെടലിന്റെ ഫലമായി പരിക്കേറ്റ വിദ്യാർത്ഥികളിൽ നിന്നും പോലീസ് മൊഴി എടുത്തിരുന്നു. ഇതിനു ശേഷം മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ ബൈക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞത്. ഇതോടെ, പി.രാജുവും സിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞു. വാക്കേറ്റവും രൂക്ഷമായി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജില്ലാസെക്രട്ടറിയുടെ വാഹനത്തില്‍ അടിച്ചു സംസാരിച്ചെന്നും സിപിഐ ആരോപിക്കുന്നു. പിന്നീട് ഞാറക്കല്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയാണ് ഇരുപക്ഷത്തേയും പ്രവര്‍ത്തകരെ പിരിച്ചു വിട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്ത് വിട്ടു.

അതേസമയം, ഡിവൈഎഫ്ഐ നടപടിയില്‍ പ്രതിഷേധിച്ച് പാലാരിവട്ടം മേല്‍പാലം അഴിമതിയുയര്‍ത്തിയുളള എല്‍ഡിഎഫ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനിച്ചു. എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് സംഭവം നടന്നപ്പോള്‍ മുതല്‍ സിപിഐ പ്രവര്‍ത്തകര്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സിപിഐ പ്രാദേശിക നേതാക്കളും ആരോപിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ച് സിപിഐ പ്രവര്‍ത്തകരോട് മോശമായാണ് സിഐ പെരുമാറിയതെന്നും സിപിഐ നേതാക്കള്‍ പരാതിപ്പെടുന്നു.

 

 

This post was last modified on July 18, 2019 12:04 pm