X

അഞ്ചുവയസ്സുകാരനെ തലയ്ക്കടിച്ചു, തറയിലടിച്ചു, മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തു; കൊലപാതകത്തിന് കാവല്‍ നിന്നത് പെറ്റമ്മ

കൊലപാതകം നടത്തിയത് ചുടുകാട്ടിലിട്ട്‌

അഞ്ചുവയസ്സുകാരനെ തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊന്ന് ചുടുകാട്ടില്‍ തള്ളിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീ ഭര്‍ത്താവും അറസ്റ്റില്‍. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കോംബയിലാണ് ക്രൂരമായ സംഭവം നടന്നത്.

സംഭവത്തില്‍ അഞ്ചുവയസ്സുകാരന്റെ അമ്മ ഗീത(25), രണ്ടാനച്ഛന്‍ ഉദയകുമാര്‍(32), ഗീതയുടെ സഹോദരി ഭുവനേശ്വരി(23), ഇവരുടെ ഭര്‍ത്താവ് കാര്‍ത്തിക്(25) എന്നിവരാണ് അറസ്റ്റിലായത്. കോംബൈ മധുരവീരന്‍ സ്ട്രീറ്റില്‍ മുരുകനെയാണ് ഗീത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലെ ആണ്‍കുട്ടിയെ ആണ് കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഗീത ഈ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തു. അതിന് ശേഷം മാതാപിതാക്കള്‍ താമസിക്കുന്നതിന് സമീപത്താണ് ഇവര്‍ താമസിച്ചിരുന്നത്. ആദ്യ ബന്ധത്തിലെ കുട്ടി ഗീതയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ കുട്ടി ഇടയ്ക്കിടെ ഗീതയുടെ അടുത്തെത്തുന്നത് ഉദയകുമാറിന് ഇഷ്ടമല്ലായിരുന്നു.

ഗീതയുടെ സഹോദരി ഭുവനേശ്വരിയും കാര്‍ത്തികും ഇവരുടെ വീട്ടിലെ പതിവ് സന്ദര്‍ശകരായിരുന്നു. വീട്ടിലെ വഴക്കിനിടെ ഗീതയും കാര്‍ത്തികും തമ്മിലും ഭുവനേശ്വരിയും തമ്മിലും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. കുട്ടി തങ്ങളുടെ ഈ രഹസ്യ ബന്ധങ്ങള്‍ക്ക് തടസ്സമാകുമെന്ന് കണ്ടതോടെയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് കോംബൈ മൃഗാശുപത്രിയ്ക്ക് സമീപത്തുള്ള ചുടുകാട്ടില്‍ കൊണ്ടുവന്ന് കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാത്രി എട്ട് മുതല്‍ കുട്ടിയെ കാണാനില്ലെന്നാണ് പോലീസിന് ലഭിച്ച പരാതി. അന്വേഷണം നടക്കുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം ചുടുകാട്ടില്‍ കിടക്കുന്നതായി വിവരം ലഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ത്തിക് കുട്ടിയുമായി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. രാത്രി കാര്‍ത്തികിന്റെ ഓട്ടോറിക്ഷ തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. കാര്‍ത്തികിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയ ശേഷം കാര്‍ത്തിക് തന്റെ ഓട്ടോറിക്ഷയില്‍ ഉദയകുമാര്‍, ഗീത, ഭുവനേശ്വരി എന്നിവരെ ചുടുകാട്ടില്‍ ഇറക്കിയ ശേഷം നടന്ന് പോയി കുട്ടിയെയും കൂട്ടിവരികയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചു. ചുടുകാട്ടില്‍ എത്തിച്ച കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി. പിന്നീട് തറയിലടിച്ചു. മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തു. മൂന്ന് പേരും ചേര്‍ന്ന് ചുടുകാട്ടിലിട്ട് കുട്ടിയെ കൊലപ്പെടുത്തുമ്പോള്‍ ഇവിടേയ്ക്ക് ആരും വരുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഗീതയാണ് കാവല്‍ നിന്നത്.

read more:രണ്ട് തവണ ജയില്‍ ചാടിയ മയക്കുമരുന്ന് രാജാവ് എല്‍ ചാപോ ഇനി വെളിച്ചം കാണില്ല; ഭാര്യയെ നിരീക്ഷിക്കാന്‍ വെച്ച സ്പൈവെയറും നടന്‍ ഷോണ്‍ പെന്നിന് നല്‍കിയ അഭിമുഖവും കുരുക്കായതെങ്ങനെ?