X

ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് മൊഹമ്മദ് മൊര്‍സി കോടതിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

ഹോസ്‌നി മുബാറക്കിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ മൊര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് ആണ് ഈജിപ്റ്റില്‍ അധികാരത്തിലെത്തിയിരുന്നത്.

ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് മൊഹമ്മദ് മൊര്‍സി അന്തരിച്ചു. 67 വയസായിരുന്നു. കോടതി നടപടിക്കിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്ന് ഈജിപ്റ്റ് സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോസ്‌നി മുബാറക്കിന്റെ 30 വര്‍ഷത്തെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ മൊര്‍സിയുടെ നേതൃത്വത്തില്‍ മത യാഥാസ്ഥിതിക കക്ഷിയായ മുസ്ലീം ബ്രദര്‍ഹുഡ് ആണ് ഈജിപ്റ്റില്‍ അധികാരത്തിലെത്തിയിരുന്നത്. ഈജിപ്റ്റില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ ഭരണത്തലവനാണ് മൊഹമ്മദ് മൊര്‍സി.

എന്നാല്‍ മൊര്‍സിയുടെ ഗവണ്‍മെന്റിനെതിരെയും ജനകീയ പ്രക്ഷോഭമുണ്ടായി. അതേസമയം 2013ല്‍ പട്ടാള അട്ടിമറിയിലാണ് മൊര്‍സി അധികാര ഭ്രഷ്ടനായത്. മുസ്ലീം ബ്രദര്‍ഹുഡ് നിരോധിക്കപ്പെടുകയും മൊര്‍സി അടക്കമുള്ളവര്‍ ജയിലിലാവുകയും ചെയ്തു. 2016 നവംബറില്‍ മൊര്‍സി അടക്കമുള്ള 22 പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. മൊര്‍സി അടക്കമുള്ള 23 ബ്രദര്‍ഹുഡ് നേതാക്കള്‍ക്കെതിരായ കേസ് പരിഗണിക്കുന്നത് കെയ്‌റോ ക്രിമിനല്‍ കോടതി മാറ്റിവച്ചിരുന്നു.

2012ല്‍ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്‌തെന്ന കേസ് അടക്കം നിരവധി കേസുകളില്‍ ഈജിപ്റ്റ് ഭരണകൂടം മൊര്‍സിയേയും ബ്രദര്‍ഹുഡ് നേതാക്കളേയും പ്രതി ചേര്‍ത്തിരുന്നു.
2012ലെ കൂട്ടക്കൊല കേസില്‍ 20 വര്‍ഷം തടവ് ശിക്ഷയാണ് മൊര്‍സി അടക്കമുള്ളവര്‍ക്ക് കോടതി വിധിച്ചത്. ഖത്തറുമായി ബന്ധപ്പെട്ട ചാരവൃത്തി കേസിലാണ് മൊര്‍സിക്ക് ജീവപര്യന്തം ശിക്ഷ കിട്ടിയത്. മൊര്‍സി ഒരു രക്ഷസാക്ഷിയാണ് എന്ന് അഭിപ്രായപ്പെട്ട തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

This post was last modified on June 17, 2019 10:31 pm