X

തെലങ്കാനയിൽ ടിഡിപി പിൻവലിയുന്നു; ഒറ്റ സീറ്റിൽ പോലും മൽസരിക്കില്ല, കോണ്‍ഗ്രസിന് പിന്തുണ

ആന്ധ്ര വികാരം ഉയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ ഭാഗമാണ് നടപടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

സംസ്ഥാന വിഭജനത്തിന് പിറകെ തെലങ്കാനയെ പുർണമായി ഉപേക്ഷിക്കുകയാണെന്ന് സുചനകൾ നൽകി തെലുങ്ക് ദേശം പാർട്ടി (ടിഡിപി). അടുത്തിടെ നടന്ന നിയമ സഭാതിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിറകെയാണ് സംസ്ഥാനത്തെ ഒറ്റ സീറ്റിൽ പോലും മൽസരിക്കാനില്ലെന്ന് സുചനകൾ ശക്തമാക്കി ആന്ധ്രയിലെ ഭരണ കക്ഷി കൂടിയായ ടിഡിപി രംഗത്തത്തെത്തുന്നത്. 119 അംഗ തെലങ്കാന നിയമ സഭയിൽ രണ്ട് അംഗങ്ങൾ മാത്രമാണ് നിലവിൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് ഉള്ളത്. സംസ്ഥാനത്ത് കോൺഗ്രസിന്  പുർണ പിന്തുണ നൽകാനാണ് തീരുമാനം എന്നും റിപ്പോട്ടുകൾ പറയുന്നു.  എന്നാൽ ആന്ധ്ര വികാരം ഉയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ ഭാഗമാണ് നടപടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

1982 ൽ പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് പാർട്ടി തിര‍ഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുന്നത്. മൽസരിക്കുന്നതോടെ വോട്ടുകൾ ഭിന്നിക്കുകയും തെലങ്കാനയിലെ ഭരണകക്ഷിയായ ടി ആർഎസ്, ബിജെപി എന്നിവയ്ക്ക് സഹായമാവാതിരിക്കാനുമാണ് മൽസരത്തിൽ നിന്നും പിൻമാറുന്നതെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. തെലങ്കാനയിൽ നിന്നും ടിഡിപിയെ പുറത്താക്കാൻ ടിആർഎസ് ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും പാർട്ടിയുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നു.

അതേസമയം, തെലങ്കാനയിൽ പാർട്ടിക്കുള്ള അടിത്തറ ഇളകിപോവാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനമെന്നാന് ടിഡിപിയോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. രണ്ട് സംസ്ഥാനങ്ങളിലും പാർട്ടിയെ ശക്തമായി നില നിർത്തണമെന്നാണ് പാർട്ടി നേതാവും ആന്ധ്രമുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡുവിന്റെ നിലപാട്. ഈ സാഹചര്യത്തിൽ വൻ തോൽവി ഒഴിവാക്കുക കൂടിയാണ് പിൻമാറ്റത്തിലുടെ ലക്ഷ്യമാക്കുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എൻഡിഎ വിട്ടശേഷം ബിജെപിയുടെ കടുത്ത വിമർശകർ കൂടിയാണ് ടിഡിപി.

അതേസമയം, തെലങ്കാന ടിഡിപിയിൽ നിന്നും നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞ് പോക്കിന്റെ പശ്ചാത്തിൽ കൂടിയാണ് നടപടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെ പാർട്ടി വിട്ട് ടിഡിപി പോളിറ്റ് ബ്യൂറോ അംഗം നമ നാഗേശ്വര റാവുവാണ് ഇത്തവണം ഖമ്മാം മണ്ഡലത്തിലെ ടിആർഎസ് സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസ്, സിപിഐ, തെലങ്കാന ജന സമിതി എന്നിവയുടെ സഖ്യത്തിലായിരുന്നു തെലങ്കാനയിൽ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ടിഡിപി മൽസരിച്ചത്. 19 സീറ്റുകളാണ് സഖ്യം ആകെ സ്വന്തമാക്കിയത്. ടിഡിപി രണ്ടും കോൺഗ്രസ് 17 സീറ്റുകളിലും വിജയം നേടിയപ്പോൾ‌ സിപിഐ, തെലങ്കാന ജന സമിതി പാർട്ടികൾ സമ്പൂർണ പരാജയം ഏറ്റുവാങ്ങി. 17  ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.

This post was last modified on March 25, 2019 9:28 pm