X

‘ അടിച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് മികവില്ല’ പ്രതിയുടെ ക്യാമറയ്ക്ക് മുന്നിലെ കുറ്റസമ്മതവും പരിഗണിച്ചില്ല, പെഹ്ലുഖാനെ കൊന്ന കേസിലെ പ്രതികളെ വിട്ടയച്ചത് ഇങ്ങനെ

ആറ് പ്രതികളെയാണ് കോടതി ഇന്നലെ വെറുതെവിട്ടത്

ജയ്പൂരിൽ ക്ഷീര കർഷകൻ പെഹ്‌ലു ഖാനെ  ഗോരക്ഷക സംഘം അടിച്ചുകൊന്ന  കേസിൽ പ്രതികളായ ആറുപേരെയും വെറുതെ വിട്ട സംഭവത്തില്‍ കോടതി അവഗണിച്ചത് രണ്ട് സുപ്രധാന തെളിവുകളെന്ന് റിപ്പോർട്ട്. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കുല്‍റാം, ദയാറാം, യോഗേഷ് കുമാര്‍, ഭീം റാഠി എന്നിവരായിരുന്നു കേസിലെ പ്രതികളായിരുന്നത്. എന്നാൽ സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതികളെ കുറ്റവിമുക്തകരാക്കുകയാണ് ആൾവാറിലെ വിചാരണക്കോടതി ചെയ്തതത്. പെഹ്‌ലു ഖാനെ അടിച്ചു കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ലഭ്യമായിരുന്ന കേസിലാണ് കോടതിയുടെ നടപടി.
‌‌പെഹ്‌ലു ഖാനെ അടിച്ചു അവശനാക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. ഇതായിരുന്നു പ്രധാന തെളിവുകളിൽ ഒന്ന്. വീഡിയോ ശക്തമായ തെളിവായി പരിഗണിക്കാൻ കോടതി തയ്യാറായില്ല. വീഡിയോയിൽ വ്യക്തതയില്ലെന്നും കുറ്റാരോപിതരുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വീഡിയോ അപര്യാപ്തമാണെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. വീഡിയോ പ്രതികളും നിഷേധിച്ചിരുന്നു.

ഇതിന് പുറമെയാണ് തങ്ങളാണ് കൊലനടത്തിയതെന്ന് വെളിപ്പെടുത്തുന്ന ഒളിക്യാമറ ദൃശ്യങ്ങൾക്കും സംഭവിച്ചത്. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ വിപിൻ യാദവാണ് എൻഡിടിവിയുടെ രഹസ്യക്യാമറയ്ക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയത്. എന്നാൽ ഇതും അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ വിപിൻ യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ട്   പോലീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെ ങ്കിലും കോടതി അനുവദിച്ചില്ല.  ‌

2017 ഏപ്രില്‍ ഒന്നിനാണ് മർദ്ദനത്തെ തുടർന്ന്  ആശുപത്രിയിൽ വെച്ചാണ് പെഹ്‌ലു ഖാൻ എന്ന ക്ഷീര കർഷകൻ മരിച്ചത് . അതിന് രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ ആൾക്കൂട്ട മർദ്ദനം അരങ്ങേറിയത്. ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ പെഹ്ലു ഖാനേയും സംഘത്തേയും ആക്രമിച്ചത്. ഈ സംഭവത്തിനു ശേഷം കോടതിയിൽ വിചാരണ നടക്കവെ പെഹ്‌ലു ഖാന്റെ മക്കൾക്കു നേരെ വെടിവെപ്പ് അടക്കമുള്ള ആക്രമണങ്ങൾ നടന്നിരുന്നു.

ആൾക്കൂട്ട ആക്രമണം നേരിട്ട, പെഹ്‌ലു ഖാന്റെ കൂടെയുണ്ടായിരുന്നവർക്കെതിരെ രാജസ്ഥാൻ പൊലീസ് കേസ്സെടുക്കുകയും ചെയ്തിരുന്നു. പെഹ്ലു ഖാന്റെ നാട്ടുകാരായ (ഹരിയാനയിലെ ജയ്‌സിംഗ്പൂര്‍) അസ്മത്, റഫീഖ്, ഇവരുടെ ട്രക്ക് ഓടിച്ചിരുന്ന അര്‍ജുന്‍ലാല്‍ യാദവ്, ട്രക്ക് ഉടമസ്ഥനായ അദ്ദേഹത്തിന്റെ പിതാവ് ജഗ്ദീഷ് പ്രസാദ് എന്നിവര്‍ക്കെതിരെയാണ് പശുക്കടത്തിന്റെ പേരില്‍ കേസെടുത്തത്.

പെഹ്ലു രണ്ട് ദിവസത്തിന് ശേഷം മരിച്ചു. അസ്മതിനും റഫീകിനും പരിക്കേറ്റു. അര്‍ജുല്‍ ലാല്‍ യാദവിനേയും പശു ഗുണ്ടകള്‍ ആക്രമിച്ചെങ്കിലും ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞു. മേളയിൽ വെച്ച് പശുക്കളെ വാങ്ങിയതിന്റെ റെസീപ്റ്റ് ഉണ്ടെന്നും ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കുന്നതാണ് ഇതെന്നും ആക്രമണം നേരിട്ട സംഘത്തിലുണ്ടായിരുന്ന അസ്മത് പിന്നീട് പറയുകയുണ്ടായി. ആക്രമണം നടക്കുമ്പോൾ തന്റെ പക്കലുള്ള റസീപ്റ്റ് അക്രമികളെ കാണിക്കാൻ പെഹ്‌ലു ഖാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഗോരക്ഷകർ പക്ഷെ, അതൊന്നും വകവെക്കാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

 

 

This post was last modified on August 15, 2019 8:49 am