ക്ഷീരകർഷകനായ പെഹ്‌ലു ഖാനെ ഗോരക്ഷകർ തല്ലിക്കൊന്ന കേസിലെ വിചാരണക്കോടതി വിധി സംബന്ധിച്ച് പ്രിയങ്ക ഗാന്ധി ചെയ്ത ട്വീറ്റിനെതിരെ ക്രിമിനൽ കേസ്. ബിഹാറിലെ സുധീർ ഓജ എന്നയാളാണ് ഈ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കോടതിയലക്ഷ്യമാണ് ഹരജിക്കാരൻ ആരോപിക്കുന്നത്.
“പെഹ്‌ലു ഖാൻ കേസിലെ കോടതിവിധി ഞെട്ടിക്കുന്നതാണ്. ആൾക്കൂട്ട കൊലപാതകം നാണംകെട്ട കുറ്റകൃത്യമാണ്. അതിന് നമ്മുടെ രാജ്യത്ത് സ്ഥാനമുണ്ടാകാൻ പാടില്ല. രാജസ്ഥാൻ സർക്കാർ പെഹ്‌ലു ഖാന് നീതി ലഭിക്കാൻ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കട്ടെ,” എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ഈ ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് സുധീർ ഓജ പറയുന്നു. 504, 506, 153 എന്നീ ഇന്ത്യൻ ശിക്ഷാ നിയമ വകുപ്പുകൾ പ്രകാരം പ്രിയങ്കയ്ക്കെതിരെ കേസ്സെടുക്കണമെന്നാണ് ഓജയുടെ ആവശ്യം.
തെളിവില്ലെന്നു പറഞ്ഞാണ് കോടതി പെഹ്‌ലു ഖാൻ വധക്കേസിലെ ആറു പേരെയും കുറ്റവിമുക്തരാക്കിയത്. ആൾവാറിലെ വിചാരണക്കോടതിയാണ് ഈ വിധി പ്രസ്താവിച്ചത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെല്ലാം പുറത്തിറങ്ങിയത്. പെഹ്‌ലു ഖാനെ അടിച്ചു കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ലഭ്യമായിരുന്നു. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കുല്‍റാം, ദയാറാം, യോഗേഷ് കുമാര്‍, ഭീം റാഠി എന്നിവരായിരുന്നു കേസിലെ പ്രതികളായിരുന്നത്.
ഐപിസി 147, 323, 341, 302, 308, 379, 427 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇതൊന്നും സംശയാതീതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷകർ പെഹ്ലു ഖാനേയും സംഘത്തേയും ആക്രമിച്ചത്.
Leave a Comment