X

പിതാവ് ട്രെയിനിൽ നിന്നും വീണുമരിച്ചു; എൻഡോസൾഫാന്‍ ദുരിത ബാധിതനായ മകൻ വിവരമറിയാതെ നടന്നത് 13 കിലോമീറ്റർ

കാസർകോട്ടിറങ്ങിയ ഹാരിസ് പിതാവിനെ കാണാത്തതിനാൽ 13 കിലോമീറ്റർ നടന്ന് ഞായറാഴ്ച പുലർച്ചെ മൂന്നോടെ വീട്ടിലെത്തി.

എൻഡോസൾഫാൻ ദുരിതബാധിതനും ഭിന്നശേഷിക്കാരനുമായ മകനുമായി ആശുപത്രിയിൽ നിന്നും മടങ്ങുന്നതിനിടെ പിതാവ് ട്രെയ്നിൽ നിന്നും വീണുമരിച്ചു. മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗൺസിൽ അംഗവും കരാറുകാരനുമായ മുണ്ടക്കൈയിലെ നെടുവോട്ട് മഹമൂദാ(63)ണ് മരിച്ചത്. മകൻ ഹാരിസിനെ ആശുപത്രിയിൽ കാണിച്ച് കാസർകോട്ടേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രി 10.30ഓടെ മംഗളൂരു റെയിൽവേ സ്‌റ്റേഷനിലായിരുന്നു അപകടം. ചായ വാങ്ങി തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെയാണ് മഹമൂദ് അപകടത്തിൽ പെട്ടത്.

എന്നാൽ വിവരമറിയാതെ മകൻ യാത്ര തുടരുകയായിരുന്നു. തുടർന്ന് കാസർകോട്ടിറങ്ങിയ ഹാരിസ് പിതാവിനെ കാണാത്തതിനാൽ 13 കിലോമീറ്റർ നടന്ന് ഞായറാഴ്ച പുലർച്ചെ മൂന്നോടെ വീട്ടിലെത്തി.

ശനിയാഴ്ച മംഗളൂരുവിലെത്തിയ ഇരുവരും ഡോക്ടറെ കണ്ടശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ മകനെ തീവണ്ടിയിലിരുത്തി മഹമൂദ് ചായ വാങ്ങാനിറങ്ങുകയായിരുന്നു. ഇതിനിടെ ട്രെയിൻ നീങ്ങിയതോടെ ഇരുകൈകളിലും ചായയുമായി ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീഴുകയായിരുന്നു. ഇരുകാലുകളും അറ്റുപോയ മഹമൂദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, അർബുദബാധിതനായ മഹമൂദിന് സംസാരശേഷിയും കുറവായിരുന്നു. ഷർട്ടിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിലെ ഫോൺ നമ്പറിൽനിന്ന് ആസ്പത്രി അധികൃതർ രാത്രി 12-ഒാടെ വീട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു. ഇതോടെ ഹാരിസിനായുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് പുലർച്ചെ ഹാരിസ് തിരികെ വീട്ടിലെത്തിയത്

മഹമൂദിന്റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം മുണ്ടക്കൈ ജുമാമസ്ജിദ് കബർ സ്ഥാനിൽ കബറടക്കി. ഭാര്യ: ഉമ്മാലി. മറ്റു മക്കൾ: ഷെരീഫ്, സഫാന, നസ്‌റീന, സഹല. മരുമക്കൾ: യൂസുഫ് തളങ്കര, നൗഫല. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, അബ്ദുൽ ഖാദർ, അബ്ദുൽ റഹിമാൻ, ഷാഫി, ഇബ്രാഹിം, ആയിഷ, പരേതരായ ആസിയുമ്മ, ഖദീജ.

This post was last modified on December 17, 2018 7:05 am