X

മുന്‍ മാധ്യമപ്രവര്‍ത്തകയായ അഫ്ഗാന്‍ പാര്‍ലമെന്റ് ഉപദേഷ്ടാവിനെ വെടിവച്ച് കൊന്നു

ആരാണ് കൊലപാതകത്തിന് പിന്നില്‍ എന്നത് സംബന്ധിച്ച് ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല എന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്താന്‍ പാര്‍ലമെന്റിന്റെ സാംസ്‌കാരിക ഉപദേഷ്ടാവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ മേന മാന്‍ഗളിനെ വെടിവച്ച് കൊന്നു. കിഴക്കന്‍ കാബൂളിലാണ് സംഭവം. ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തയാണ് മേന മാന്‍ഗള്‍. ആരാണ് കൊലപാതകത്തിന് പിന്നില്‍ എന്നത് സംബന്ധിച്ച് ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല എന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ ജീവന് ഭീഷണിയുണ്ട് എന്ന് മേന മാഗള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നതായി വനിതാവകാശ പ്രവര്‍ത്തക വാസ്മ ഫ്രോഗ് പറയുന്നു. സമീപവര്‍ഷങ്ങളില്‍ കാബൂളില്‍ അക്രമസംഭവങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. താലിബാനുമായി യുഎസ് സമാധാന സന്ധിയിലെത്തുകയാണെങ്കില്‍ അത് സ്ത്രീകളുടെ അവകാശങ്ങള്‍ വീണ്ടും ഇല്ലാതാക്കും എന്ന ആശങ്ക ശക്തമാണ്.

2001ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷവും സ്ത്രീകളുടെ നിലയില്‍ വലിയ പുരോഗതിയുണ്ടായിരുന്നില്ല. താലിബാന്‍ തിരിച്ചുവരുന്ന പക്ഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനുള്ള സാധ്യതയാണുള്ളത്. മാധ്യമപ്രവര്‍ത്തകരും വലിയ ഭീഷണികള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്.