X

സംസ്ഥാനത്തെമ്പാടും ശക്തമായ കാറ്റും മഴയും, വ്യാപകനാശനഷ്ടം, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ബുധനാഴ്ച രാത്രി ചിറയിന്‍കീഴിൽ മാവേലി എക്സ്പ്രസിനു മുകളിൽ മരം വീണു. എഞ്ചിന്റെ ചില്ല് തകർന്നു.

സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അതിതീവ്രമഴയ്കക്ക് സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. വയനാട്‌, മലപ്പുറം, ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ വ്യാഴാഴ്ച അവധിയും പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.

മഴയിലും കാറ്റിലും വൻമരങ്ങള്‍ ഉള്‍പ്പെടപുഴകി വീഴുകയും നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തതിനും പിന്നാലെ ഗതാഗത സംവിധാനങ്ങളും വ്യാപകമായി താറുമാറായി. ആലപ്പുഴ തുറവൂരില്‍ മരം റയില്‍വേ ട്രാക്കിലേക്ക് വീണ്് തീരദേശ പാതയില്‍ കുറച്ചുനേരത്തേക്ക് ഗതാഗതം തടസപ്പെട്ടു. എറണാകുളം–കായംകുളം, കായംകുളം–എറണാകുളം പാസഞ്ചറുകള്‍ റദ്ദാക്കി. തീരദേശ റയില്‍ പാതയിലൂടെയുള്ള ജനശതാബ്ദി എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു. ബുധനാഴ്ച രാത്രി ചിറയിന്‍കീഴിൽ മാവേലി എക്സ്പ്രസിനു മുകളിൽ മരം വീണു. എഞ്ചിന്റെ ചില്ല് തകർന്നു.

വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് മഴ കനത്ത നാശം വിതച്ചിട്ടുള്ളത്. വയനാട്ടില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ·91 കുടുംബങ്ങളിലെ 399 പേരെ ക്യാംപുകളിലേക്ക് മാറ്റി. കയറാന്‍ ഇടയാക്കി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയതോടെ റോഡ് ഗതാഗതവും സ്തംഭിച്ചു. വൈദ്യുതി ബന്ധം താറുമാറായി. വയനാട് കുറിച്യാർ മല മേൽമുറിയിൽ കഴിഞ്ഞതവണ ഉരുൾപ്പൊട്ടലുണ്ടായ ഭാഗത്ത് ഇന്നും കനത്ത മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കുറിച്യാർ മല എസ്റ്റേറ്റിലെ 10 കുടുംബങ്ങളെ എസ്റ്റേറ്റിന്റെ തന്നെ ഹോസ്പിറ്റലിലേക്ക് താത്കാലികമായി മാറ്റി പാർപ്പിക്കും.

വയനാട്ടിലും അട്ടപ്പാടിയിലും കണ്ണൂരിന്റെ മലയോരമേഖലകളിലും മഴ ശക്തമായിരുന്നു. ഇരവഞ്ഞിപ്പുഴയും ചാലിയാറും ചാലിപ്പുഴയും കരകവിഞ്ഞതോടെ കോഴിക്കോടിന്റെ മലയോരമേഖലകളില്‍ വെള്ളം കയറി. മാവൂരിലും മുക്കത്തും കൃഷിയിടങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. കാറ്റില്‍ പേരാല്‍ കടപുഴകി വീണ് കോഴിക്കോട് കുണ്ടൂപറമ്പില്‍ ഒറ്റക്കണ്ടി ഷൈജുവിന്റെ വീട് തകര്‍ന്നു. കുന്ദമംഗലത്തും മുക്കത്തും റോഡില്‍ മരംമുറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.

താമരശ്ശേരി മേഖലയില്‍ വൈകിട്ട് ആറുമണിക്കുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായി. മരങ്ങള്‍ കടപുഴകി വീണ് സംസ്ഥാന പാതയില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി, പുതുപ്പാടി മേഖലകളില്‍ മുപ്പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു.

കണ്ണൂരിന്റെ മലയോര പ്രദേശങ്ങളായ ചെങ്ങളായി മലപ്പട്ടം കാഞ്ഞിലേരി എന്നിവിടങ്ങൾക്ക് പുറമെ ശ്രീകണ്ഠാപുരത്തും വെള്ളംകയറി. കര്‍ണാടകയിലെ ഉള്‍വനങ്ങളിലും കനത്ത മഴ പെയ്തതും, ഉരുള്‍പൊട്ടലുണ്ടായതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് സംശയിക്കുന്നു.

ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും മഴ ശക്തമാണ്. കായംകുളത്ത് കടകളില്‍ വെള്ളം കയറ്റി. തിരുവനന്തപുരത്ത് ഒന്നിടവിട്ട് ശക്തമായ മഴയാണ് പെയ്യുന്നത്. നഗരത്തില്‍ പലയിടങ്ങളിലും മരം കടപുഴകിവീണു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

 

പി എസ് സി പരീക്ഷ ക്രമക്കേട് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

 

This post was last modified on August 8, 2019 7:41 am