X

ശിക്ഷ മരവിപ്പിക്കണം, അസുഖമില്ലാത്ത ഒരു ശരീരഭാഗം പോലുമില്ലെന്ന് പി കെ കുഞ്ഞനന്തന്‍; സന്ധിവേദനയും പ്രമേഹവും എല്ലാവർക്കുമുള്ളതെന്ന് ഹൈക്കോടതി

കുഞ്ഞനന്തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വിശദീകരിക്കാനെത്തിയ സർക്കാർ അഭിഭാഷകന് ഹൈക്കോടതിയുടെ താക്കീത്

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പി കെ കുഞ്ഞനന്ദന് ചികിൽസയ്ക്കായി പരോൾ ആവശ്യമില്ലെന്ന് വീണ്ടും ഹൈക്കോടതി. അസുഖങ്ങൾ മൂലം അവശനാണെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ഞനന്തൻ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. കുഞ്ഞനന്തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വിശദീകരിക്കാനെത്തിയ സർക്കാർ അഭിഭാഷകനെ ഹൈക്കോടതി താക്കീത് ചെയ്യാനും തയ്യാറായി. പരോളിലിരിക്കെ കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തതിനെ ന്യായീകരിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകനാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കേണ്ടെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം.

പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണു തെറ്റ് എന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ ചോദ്യം. സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും അംഗീകരിച്ച പാർട്ടിയല്ലേ സിപിഎം എന്നും സ്പെഷൽ പ്രോസിക്യൂട്ടർ രാഷ്ട്രീയം പറയുകയാണെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്റെ പ്രതികരണം. ഇതോടെയാണ് ഹൈക്കോടതി സർക്കാർ അഭിഭാഷകനെ ശാസിച്ചത്.  സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കേണ്ടെന്നും ജഡ്ജി പറഞ്ഞു.

എന്നാൽ ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്നാരുന്നു കുഞ്ഞനന്തൻ കോടതിയെ അറിയിച്ചത്. സംസ്ഥാനത്ത് ഏറ്റവും മികച്ച ചികിൽസ ലഭിക്കുന്നത് മെഡിക്കൽ കോളജുകളില്ലേ എന്നായിരുന്നു ഇതിനുള്ള കോടതിയുടെ മറുപടി. ജയിലിൽ ശരിയായ ചികിത്സ ലഭിക്കില്ലെന്നും കുറ്റവാളികൾക്ക് മെഡിക്കൽ കോളജിൽ നിന്ന് എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നായിരുന്നു കുഞ്ഞനന്തന്റെ നിലപാട്. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സംസ്ഥാനത്തെ മികച്ച ആശുപത്രിയാണെന്നും. സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമെങ്കിൽ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന് അഭിഭാഷകന് ഹൈക്കോടതിയുടെ നിർദ്ദേശം നൽകി. ഗരുതരമായ സന്ധിവേദനയും പ്രമേഹവും അടക്കമുള്ള കാരണങ്ങളാണ് കുഞ്ഞനന്തൻ കോടതിയിൽ പറഞ്ഞത്. ഇതെല്ലാം എല്ലാവർക്കമുള്ളതല്ലേ എന്നും കോടതി ചോദിക്കുന്നു.

അതേസമയം, പികെ കുഞ്ഞനന്തൻ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് മുൻ പ്രോസിക്യൂട്ടർ സി കെ ശശീന്ദ്രൻ വാദിച്ചു. ഇപ്പോഴും സജീവ പാർട്ടി പ്രവർത്തകനാണെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു. പാനൂർ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ടിപി വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. മുഖ്യമന്ത്രി സഭയിൽ അറിയിച്ച കണക്കുപ്രകാരം ഈ സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ പി.കെ. കുഞ്ഞനന്തനു 15 തവണയായി 193 ദിവസം പരോൾ അനുവദിച്ചതായും വ്യക്തമാക്കിയിരുന്നു. കേസ് വരുന്ന ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

This post was last modified on February 8, 2019 2:09 pm