X

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; സുവർണ ചകോരത്തിനുള്ള വോട്ടെടുപ്പ് ഉച്ചവരെ

ഈമയൗ, സുഡാനി ഫ്രം നൈജീരിയ എന്നീ മലയാളചിത്രങ്ങളും സുവര്‍ണചകോരത്തിനായി മത്സരരംഗത്തുണ്ട്.

തലസ്ഥാന നഗരിയില്‍ ഏഴ് രാപ്പകലുകളെ സജീവമാക്കിയ 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. വൈകുന്നേരം നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനത്തോടു കൂടിയാണ് ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴുന്നത്. സമപാനയോഗവും പുരസ്‌കാരവിതരണവും വൈകുന്നേരം 6 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. മന്ത്രി എകെ ബാലന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

തുടര്‍ന്ന് മത്സരവിഭാഗത്തിലെ  മികച്ച ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. വിവിധ വിഭാഗങ്ങളില്‍ എട്ട് പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. ഇത്തവണ ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന്  കെ ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങയള്‍ ഉള്‍പ്പെടെയുള്ളവയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിക്കുക. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 14 ചിത്രങ്ങളാണ് ഇത്തവണ രാജ്യാന്തര മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈമയൗ, സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്നീ മലയാളചിത്രങ്ങളും സുവര്‍ണചകോരത്തിനായി മത്സരരംഗത്തുണ്ട്.
മത്സരചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് ഉച്ചവരെ വോട്ട് ചെയ്യാം. പ്രേക്ഷകപ്രീതി നേടിയ റഫീക്കിയുടെ പുനഃപ്രദര്‍ശനവും ഇന്നുണ്ടാകും.

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സംഘടിപ്പിച്ച മേളയിൽ മുൻ  വര്‍ഷങ്ങളെ അപേക്ഷിച്ച് മേളയ്ക്കെത്തിയവരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.  ഹേപ്പ് ആന്‍റ് റീബില്‍ഡിംഗ് ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480ലധികം പ്രദര്‍ശനങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. സമാപനചടങ്ങിൽ വിഎസ് ശിവകുമാര്‍ എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുക്കും.

This post was last modified on December 13, 2018 9:46 am