X

ഫോനി; ഒമ്പത് മീറ്റർ ഉയരത്തിൽ തിരമാലകൾ, 245 കി.മീ വേഗത്തിൽ കാറ്റ്, നിരവധി വീടുകൾ വെള്ളത്തിനടിയിൽ

ഫാനി ചുഴലിക്കാറ്റിന്റെ തീവ്രത അടുത്ത ആറുമണിക്കൂറിനുള്ളില്‍ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്രം നൽകുന്ന മുന്നറിയിപ്പ്.

ഒഡീഷ തീരത്ത് കനത്ത ഭീതി പടർത്തി ഫോനി ആഞ്ഞടിക്കുന്നു. 245 കിലോ മീറ്റർ വേഗതയിലാണ് ഒഡീഷയുടെ തീര മേഖലയിൽ കാറ്റ് വീശിയടിക്കുന്നത്. കനത്തമഴയും മേഖലയിൽ തുടരുകയാണ്. ഒമ്പത് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ രൂപം കൊണ്ടിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾ നാശം സംഭവിച്ചിട്ടുണ്ട്. മുന്നുറോളം വീടുകൾ ഇതിനോടകം വെള്ളത്തിലാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

അതേസമയം, ഫാനി ചുഴലിക്കാറ്റിന്റെ തീവ്രത അടുത്ത ആറുമണിക്കൂറിനുള്ളില്‍ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്രം നൽകുന്ന മുന്നറിയിപ്പ്. അതി തീവ്ര ചുഴലിക്കാറ്റ് എന്നതിൽ നിന്നും തീവ്ര ചൂഴലിക്കാറ്റ് എന്ന നിലയിലേക്ക് മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്.

അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ്  ഇന്ന് രാവിലെ 8 മണിയോടെയാണ് ഒഡീഷ തീരം തൊട്ടത്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുരി തീരത്താണ് ഫോനി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ചത്. ഫോനിയുടെ പശ്ചാത്തലത്തിൽ ഒഡീഷയ്ക്ക് പുറമെ സമീപ സംസ്ഥാനങ്ങളായ ബംഗാളിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. മണിക്കൂറില്‍ 170-200 കിലോമീറ്റര്‍ വേഗതത്തിൽ കാറ്റ് വീശിയടിക്കുന്നത്. രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും കൊടുങ്കാറ്റ് കരതൊടുകയെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിരുന്നത്.

അതേസമയം, ഫോനി കനത്ത നാശം വിതയാക്കാന്‍ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങൾ ഉള്‍പ്പെടെ അടച്ചിടിരിക്കുകയാണ്. ഭൂബനേശ്വര്‍ വിമാനത്താവളം ഇന്നലെ അര്‍ദ്ധരാത്രിയോടെയും കൊൽക്കത്ത ഇന്നും അടച്ചു. രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് കൊൽക്കത്ത വിമാനത്താവളം അടച്ചിടുന്നത്. ശനിയാഴ്ചയോടെ ബംഗാള്‍ തീരത്തുകൂടി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഒഡീഷയിൽ മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

അതേസമയം, ഒഡീഷയിലെ 14 ജില്ലകളിലുള്ള 12 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ഒഡീഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളിളെയും ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബാധിക്കും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും.

This post was last modified on May 3, 2019 11:41 am