X

കാര്‍ഷികവിള വില്‍ക്കാന്‍ മാര്‍ക്കറ്റില്‍ കാത്തു നിന്നത് നാലു ദിവസം; മധ്യപ്രദേശില്‍ കൊടുംചൂടില്‍ കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

നിരവധി കര്‍ഷകര്‍ ഒരുമിച്ച് മാര്‍ക്കറ്റിലെത്തിയതാണ് വിള സംഭരണത്തില്‍ കാലതാമസം വരാന്‍ കാരണമായതെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അശോക് മഞ്ജി പ്രതികരിച്ചു.

വിളകള്‍ വില്‍പന നടത്തുന്നതിന് കാര്‍ഷിക വിപണിയില്‍ നാലു ദിവസം കാത്തു നില്‍ക്കേണ്ടിവന്ന 65 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. വിളയുടെ തൂക്കം നിശ്ചയിച്ച് വില്‍പ്പന നടത്തുന്നതിനുമായാണ് വിധിഷ ജില്ലയിലെ ബിജു ഖണ്ഡി ഗ്രാമ വാസിയായ മൂല്‍ചന്ദ് മൈന മണ്ഡിയിലെ കാര്‍ഷിക മാര്‍ക്കറ്റിലെത്തിയത്. എന്നാല്‍ ഇതിനായി കനത്ത ചൂടില്‍ നാലു ദിവസം ആദ്ദേഹത്തിന് കാത്തു നില്‍ക്കേണ്ടി വന്നു. ഇതോടെ അവശനായ മൂല്‍ചന്ദ് വ്യാഴാഴ്ച രാവിലെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ മകന്‍ പ്രതികരിച്ചു. തളര്‍ച്ചയും തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും ലത്തേരി പോലിസും വ്യക്തമാക്കി.

വിളയെത്തിക്കാന്‍ അറിയിച്ചു കൊണ്ട് ലഭിച്ച എസ്എംഎസ് പ്രകാരമാണ് മൂല്‍ചന്ദ് മാര്‍ക്കറ്റിലെത്തിയത്. എന്നാല്‍ നിരവധി കര്‍ഷകര്‍ ഒരുമിച്ച് മാര്‍ക്കറ്റിലെത്തിയതാണ് വിള സംഭരണത്തില്‍ കാലതാമസം വരാന്‍ കാരണമായതെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അശോക് മഞ്ജി പ്രതികരിച്ചു. മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കര്‍ഷകന്റെ മരണം സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സംസ്ഥാനത്തെ കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ചരിത്രം മാപ്പു നല്‍കില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജോതിരാധിത്യ സിദ്ധ്യ കുറ്റപ്പെടുത്തി.

കാര്‍ഷിക വിളകള്‍ വില്‍പന നടത്താന്‍ ദിവസങ്ങളോളം കര്‍ഷകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് അജയ് സിങ്ങും പ്രതികരിച്ചു.

This post was last modified on May 20, 2018 8:03 am