X

ഇറാന്‍ പിടിച്ചെടുത്ത കപ്പലിൽ നാല് മലയാളികളും, എറണാകുളം മലപ്പുറം സ്വദേശികളെന്ന് വിവരം

ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്ന് വി മുരളീധരൻ

ഹോർമുസ് കടലിടുക്കിൽ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളുമുണ്ടെന്ന് റിപ്പോർട്ട്. രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് കപ്പലിലെ ജീവനക്കാരിൽ 18 ഇന്ത്യക്കാരുണ്ടെന്നും, അതിൽ നാല് മലയാളികൾ‌ ഉണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകൾ പുറത്ത് വന്നത്. കപ്പലിലെ ക്യാപ്റ്റന്‍ ഫോര്‍ട്ട്കൊച്ചിക്കാരനുള്‍പ്പെടെ മൂന്ന് എറണാകുളം സ്വദേശികളും ഒരു മലപ്പുറം വണ്ടുർ സ്വദേസിയും ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

കപ്പലിലുള്ള കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്‍റെ ബന്ധുക്കളെ കമ്പനി വിവരമറിയിച്ചതായി മനോരമ റിപ്പോർട്ട് പറയുന്നു. ഇതിന് പിന്നാലെയാണ് വണ്ടുർ സ്വദേശി അജ്മൽ, പള്ളുരുത്തി സ്വദേശികളായ മറ്റ് രണ്ട് പേരും സംഘത്തിലുണ്ടെന്ന വിവരം ലഭിച്ചത്. എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. എന്നാല്‍, മലയാളികൾ കപ്പലിൽ ഉണ്ടെന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.  ജീവനക്കാർക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന് ഇറാൻ ഇന്ത്യക്ക് ഉറപ്പു നൽകിയതായാണ് റിപ്പോര്‍ട്ട്.

പശ്ചിമേഷ്യൻ മേഖലയിൽ ആശങ്ക ശക്തമാക്കിയാണ് ഹോർമുസ് കടലിടുക്കിൽനിന്നും രണ്ട് ഓയിൽ ടാങ്കറുകൾ ഇറാന്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഒന്ന് യു.കെയിലും മറ്റൊന്ന് ലൈബീരിയയിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമുദ്രനിയമങ്ങൾ ലംഘിച്ചതിനാലാണ് ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപീറോ എന്ന കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. കപ്പലില്‍ 23 അംഗങ്ങളുണ്ട്.

വെള്ളിയാഴ്ച സൗദി തുറമുഖമായ റാസ് തനുരയിലേക്ക് പോവുകയായിരുന്ന ലൈബീരിയൻ ഫ്ലാഗുള്ള രണ്ടാമത്തെ ടാങ്കര്‍ പെട്ടന്ന് ഇറാനിയൻ തീരം ലക്ഷ്യമാക്കി വടക്കോട്ട് നീങ്ങിയതിനാല്‍ ഇറാന്‍ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, പാരിസ്ഥിതിക ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കപ്പലിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും, കപ്പല്‍ ഹ്രസ്വമായി തടഞ്ഞുവച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും, ഔപചാരിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കപ്പലിന് യാത്ര തുടരാമെന്നും ഇറാന്‍റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഫാര്‍സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ സായുധരായ ഗാര്‍ഡുകള്‍ കയറിയെങ്കിലും യാത്ര തുടരാന്‍ അനുവദിച്ചുവെന്ന് ഗ്ലാസ്ഗോ ആസ്ഥാനമായുള്ള ഓപ്പറേറ്റർ ‘നോർബുൾക്ക് ഷിപ്പിംഗ് യുകെ’ പിന്നീട് വ്യക്തമാക്കി.

എന്നാല്‍ സ്റ്റെന ഇംപീറോ ഇപ്പോഴും ഇറാന്‍റെ കസ്റ്റഡിയിലാണ്. കപ്പല്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് സ്റ്റെന ബൾക്കും നോർത്തേൺ മറൈൻ മാനേജ്‌മെന്റും പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ‘കപ്പല്‍ എല്ലാ നാവിഗേഷനും, അന്താരാഷ്ട്ര നിയമങ്ങളും പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടെന്ന്’ കമ്പനി അറിയിച്ചു. ഇന്ത്യൻ, റഷ്യൻ, ലാത്വിയൻ, ഫിലിപ്പിനോ സ്വദേശികളായ 23 പേരാണ് കപ്പലിലുള്ളതെന്ന് സ്റ്റെന ബൾക്ക് ചീഫ് എക്സിക്യൂട്ടീവ് എറിക് ഹാനെൽ പറഞ്ഞു.

നാസിസത്തെ എതിരിടുന്ന എയ്ഞ്ചല മെര്‍ക്കലിന് ആര്‍ എസ് എസ് ആരാധകനായ അംബാസിഡര്‍, നാഗ്പൂര്‍ സന്ദര്‍ശിച്ച ഇന്ത്യയിലെ പ്രതിനിധിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാകുന്നു