X

ബിയര്‍ ബോട്ടിലില്‍ മഹാത്മ ഗാന്ധി, ഇസ്രയേല്‍ കമ്പനി ഇന്ത്യയോട് മാപ്പ് പറഞ്ഞു; ആദരവ് കൊണ്ട് ചെയ്തതെന്ന് വിശദീകരണം

ഇസ്രയേലിന്റെ 71ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ കുപ്പികളിലാണ് ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.

ബിയര്‍ ബോട്ടിലില്‍ മഹാത്മ ഗാന്ധിയുടെ ചിത്രം വച്ചത് വിവാദമാവുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ ഇസ്രയേലി മദ്യനിര്‍മ്മാണ കമ്പനി മാപ്പ് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളോടും ഗവണ്‍മെന്റിനോടുമാണ് ഇസ്രയേലി കമ്പനി മപ്പ് പറഞ്ഞത്. ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നതായി മാല്‍ക ബിയര്‍ കമ്പനി പറഞ്ഞു. ഇസ്രയേലിന്റെ 71ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ കുപ്പികളിലാണ് ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി ബ്രാന്‍ഡ് മാനേജര്‍ ജിലാദ് ദ്രോര്‍ ആണ് കമ്പനിക്ക് വേണ്ടി മാപ്പ് പറഞ്ഞത്.

മാല്‍ക ബിയര്‍ ഇന്ത്യയിലെ ജനങ്ങളോടും ഗവണ്‍മെന്റിനോടും അവരുടെ വികാരം വ്രണപ്പെടുത്തിയതില്‍ നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു. മഹാത്മ ഗാന്ധിയെ ഞങ്ങള്‍ ആദരവോടെ കാണുകയും അദ്ദേഹത്തിന്റെ മൂല്യം തിരിച്ചറിയുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ചിത്രം ഞങ്ങളുടെ ബോട്ടിലുകളില്‍ ഉള്‍പ്പെടുത്തിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു – ജിലാദ് ദ്രോര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ബോട്ടിലുകളുടെ ഉല്‍പ്പാദനവും വിതരണവും നിര്‍ത്തിവച്ചു. വിപണിയില്‍ നിന്ന് ഇത് പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

അതേസമയം മഹാത്മ ഗാന്ധിയോടുള്ള ആദരവിന്റെ ഭാഗമായാണ് ചിത്രം ഉപയോഗിച്ചത് എന്നും കമ്പനി പറയുന്നു. ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രിമാരായ ഡേവിഡ് ബെന്‍ ഗുരിയണ്‍, ഗോള്‍ഡ് മെയര്‍, മെനാചെം ബെഗിന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇസ്രയേലുകാരനല്ലാതെ ഇവരുടെ ബിയര്‍ ബോട്ടിലില്‍ ഇടം പിടിച്ചത് ഗാന്ധി മാത്രം. മദ്യവര്‍ജ്ജനത്തിന് വേണ്ടി ശക്തമായ പ്രചാരണം നടത്തിയ മഹാത്മ ഗാന്ധിയുടെ ആഹ്വാനപ്രകാരം സ്വാതന്ത്ര്യസമര കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി മദ്യ ഷാപ്പുകള്‍ പിക്കറ്റ് ചെയ്തിരുന്നു.

This post was last modified on July 3, 2019 7:26 pm