X

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എസ്. ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച ദേശീയ വക്താക്കളിലൊരാളായാണ് ജയ്പാല്‍ റെഡ്ഡി വിലയിരുത്തപ്പെടുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എസ്. ജയ്പാല്‍ റെഡ്ഡി അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.28ന് ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗാസ്‌ട്രോഎന്‍ടറോളജിയിലാണ് (എഐജി) അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തെലങ്കാന പിസിസി പ്രസിഡന്റും എംപിയുമായ ഉത്തംകുമാര്‍ റെഡ്ഡിയാണ് ജയ്പാല്‍ റെഡ്ഡിയുടെ മരണവിവരം അറിയിച്ചത്.

നാല് തവണ ആന്ധ്രപ്രദേശ് നിയമസഭാംഗമായി. അഞ്ച് തവണ ആന്ധ്രയില്‍ നിന്ന് ലോക്‌സഭ അംഗം. രണ്ട് തവണ രാജ്യസഭ എംപി. 2004 മുതല്‍ 2014 വരെയുള്ള ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ്, പെട്രോളിയം വകുപ്പുകളും ഭൗമശാസ്ത്ര, ശാസ്ത്ര സാങ്കേതിക വകുപ്പുകളും ജയ്പാല്‍ റെഡ്ഡി കൈകാര്യം ചെയ്തു. കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച ദേശീയ വക്താക്കളിലൊരാളായാണ് ജയ്പാല്‍ റെഡ്ഡി വിലയിരുത്തപ്പെടുന്നത്.

1942 ജനുവരി 16ന് ഹൈദരാബാദിലെ മെഹബൂബ് നഗര്‍ ജില്ലയില്‍ മദ്ഗൂലിലാണ് ജയ്പാല്‍ റെഡ്ഡിയുടെ ജനനം. 18ാം മാസം മുതല്‍ പോളിയോ ബാധിതനായിരുന്ന റെഡ്ഡി കുട്ടിക്കാലത്ത് ക്രച്ചസിന്റെ സഹായത്തോടെയാണ് നടന്നിരുന്നത്. പിന്നീട് പോളിയോവിമുക്തി നേടി. ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം. 1969ല്‍ കല്‍വാകുര്‍ത്തിയില്‍ നിന്ന് ആദ്യമായി ആന്ധ്രപ്രദേശ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984 വരെ എംഎല്‍എയായി തുടര്‍ന്നു.

ഇതിനിടെ അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് വിട്ട ജയ്പാല്‍ റെഡ്ഡി 1977ല്‍ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. 1980ല്‍ ആന്ധ്രയിലെ മേധകില്‍ മത്സരിക്കാനെത്തിയ ഇന്ദിര ഗാന്ധിയെ നേരിടാന്‍ ജനത പാര്‍ട്ടി നിയോഗിച്ചത് ജയ്പാല്‍ റെഡ്ഡിയെ ആണ്. റെഡ്ഡി ഇന്ദിരയോട് പരാജയപ്പെട്ടു. 1985 മുതല്‍ 88 വരെ ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1984ല്‍ ജനതാ പാര്‍ട്ടി പ്രതിനിധിയായി ആദ്യമായി ലോക്‌സഭയിലേയ്ക്ക്.

1998ലും ജനത പാര്‍ട്ടി എംപി. 1997ല്‍ ഐകെ ഗുജ്‌റാള്‍ സര്‍ക്കാരില്‍ ആദ്യമായി കേന്ദ്ര മന്ത്രിയായി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പാണ് റെഡ്ഡിക്ക് ലഭിച്ചത്. കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചെത്തിയ ജയ്പാല്‍ റെഡ്ഡി 1999ല്‍ വീണ്ടും ലോക്‌സഭാംഗമായി. 2004ലും 2009ലും മിര്യാലഗുഡയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതല്‍ 96 വരെയും 97 മുതല്‍ 98 വരെയും രാജ്യസഭാംഗം. 1991 മുതല്‍ 92 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്.

This post was last modified on July 28, 2019 9:03 am