X

തൂവെള്ള കൊടിയുമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്‌ഐ രക്തരക്ഷസിനെ പോലെയെന്ന് എഐഎസ്എഫ്

എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം അഗേഷിനെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഷിബിന്‍ കാനായി ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ സംഭവത്തോട് ജില്ലയിലെ പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടത് മൃദുസമീപനമാണ്.

എസ്എഫ്‌ഐക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ്. എഐഎസ്എഫിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്‌ഐയിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എഐഎസ്എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജനാധിപത്യം എന്നത് വാക്കുകളില്‍ മാത്രമൊതുങ്ങിയിരിക്കുകയാണ്. പല ക്യാമ്പസുകലും എസ്എഫ്‌ഐ നേതാക്കള്‍ എഐഎസ്എഫ് നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്. ഈ ക്യാമ്പസുകളില്‍ എഐഎസ്എഫിന് നോമിനേഷന്‍ പോലും നല്‍കാനാകാത്ത സ്ഥിതിയാണ്. എന്നിട്ടും എസ്എഫ്‌ഐ വാദിക്കുന്നത് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കുന്നുവെന്നാണ്.

സമാധാനത്തിന്റെ അടയാളമായ തൂവെള്ള കൊടിയുമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്‌ഐക്ക് രക്തരക്ഷസിന്റെ സ്വഭാവവുമാണ്. കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാമ്പസില്‍ എഐഎസ്എഫിന് എസ്എഫ്‌ഐയുടെ ഭീഷണിയുണ്ടായി. യുയുസി പോസ്റ്റിലേക്ക് എഐഎസ്എഫ് വിജയിച്ചു. ഇത് അംഗീകരിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കുകയാണ് കോളേജ് അധികൃതര്‍ ചെയ്തത്. ഇത് പരിഹരിക്കാന്‍ ഒരു സഹായവും നേതൃത്വ സംഘടനകളില്‍ നിന്ന് കിട്ടിയതുമില്ല.

എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം അഗേഷിനെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഷിബിന്‍ കാനായി ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ സംഭവത്തോട് ജില്ലയിലെ പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടത് മൃദുസമീപനമാണ്. മറ്റ് പലയിടങ്ങളിലും ഇത്തരത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭീഷണി നേരിടേണ്ടി വരുന്നുവെന്നും എഐഎസ്എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘടനാ സമ്മേളനത്തിലും എസ്എഫ്‌ഐക്കെതിരെ വിമര്‍ശനമുയര്‍ന്നു. എസ്എഫ്‌ഐ ഈ പ്രവണതകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകളുമായി താരതമ്യം ചെയ്യേണ്ടി വരുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍ വിമര്‍ശിച്ചു.

‘ഇന്ന് കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം പറയുന്നു, നിങ്ങള്‍ക്ക് യൂണിറ്റ് രൂപീകരിക്കണമെങ്കില്‍ ഞങ്ങളുടെ അനുമതി വേണമെന്ന്. ഈ ഫാസിസ്റ്റ് ശൈലി വിളിച്ചുപറഞ്ഞില്ലെങ്കില്‍ ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ അന്തകവിത്തായി ഈ സംഘടനകള്‍ മാറുമെന്നത് യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കണം.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവവികാസങ്ങള്‍ ഒറ്റപ്പെട്ട സംഭവവികാസങ്ങളാണെന്ന് പറഞ്ഞാല്‍ അത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. ഇത് എസ്എഫ്‌ഐക്ക് മാത്രമല്ല, മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രസക്തമാണ്. അഭിമന്യുവിന് നേരെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഭീഷണി പോലെ, എഐഎസ്എഫിന് നേരെ കണ്ണൂര്‍ ജില്ലയില്‍ എസ്എഫ്‌ഐയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുവെങ്കില്‍, ഈ രണ്ട് രാഷ്ട്രീയവും തമ്മില്‍ താരതമ്യം ചെയ്യേണ്ടി വരും’, സുഭേഷ് സുധാകരന്‍ പറഞ്ഞു.

Read: ഗീതാ ഗോപി എംഎല്‍എ ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച് ‘ശുദ്ധം വരുത്തി’ യൂത്ത് കോണ്‍ഗ്രസ്

This post was last modified on July 28, 2019 7:11 am