X

സംഘർഷഭരിതമായി ഇന്ത്യാ-പാക് അതിർത്തി; ഷോപ്പിയാനില്‍ രണ്ട് ഭീകരരെ വധിച്ചു, മുൻകരുതലായി രജൗരിയിലെ സ്കൂളുകൾ അടപ്പിച്ചു

പാക്കിസ്ഥാനിലെ കടന്നാക്രമണത്തിന് പിറകെ നടപടിക്ക് രാജ്യാന്തര പിന്തുണ നേടിയെടുക്കാനുള്ള ശ്രമം ഇന്ത്യ ശക്തമാക്കി.

ബാലാകോട്ടിലെ സൈനിക നടപടിയ്ക്ക് പിറകെ സംഘർഷഭരിതമായി ഇന്ത്യ- പാക് അതിര്‍ത്തി. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയുമായി ചേര്‍ന്ന് കിടക്കുന്ന പല പ്രദേശങ്ങളിലും പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും തുടരുകയാണ്. ഇതിനെ തുടർന്ന് വെടിവയ്പ്പിൽ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അഖനൂര്‍ സെക്ടറിലെ സൈനികര്‍ക്കാണ് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.  അതേസമയ‌ം, പാക്ക് ഭാഗത്തുനിന്നുള്ള ആക്രമണം ശക്തമായതോടെ നിയന്ത്രണ രേഖയ്ക്ക് സമീപ പ്രദേശമായ രജ്ജൗരിയിൽ ഇന്നും സ്കൂളുകൾ അടപ്പിച്ചു. നിയന്ത്രണ രേഖയ്ക്ക് 5 കിലോ മീറ്റർ ചുറ്റളവിലുള്ള സർക്കാർ സ്വകാര്യ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് പ്രഖ്യാപിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചതായും രജൗരി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ അറിയിച്ചു.

ഇന്നു പുലര്‍ച്ചെ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ജയ്‌ഷെ ഭീകരരും സംയുക്ത സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഷോപ്പിയാനില്‍ മേമന്ദറിലെ ഒരു വീട്ടില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പോലീസും അര്‍ധസൈനിക വിഭാഗവും തിരച്ചില്‍ നടത്തിയത്. തുടർന്നാണ് ഭീകരരെ വധിച്ചത് പുലര്‍ച്ചെ നാലരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. തീവ്രവാദി സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായി സൈന്യം അറിയിച്ചു. കശ്മീരിലെ ഉറിയിലും വെടിവയ്പ്പുണ്ടാതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

അതിനിടെ കൊൽക്കത്തയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു തീവ്രവാദികൾ പിടിയിലായി എഎൻഐ റിപ്പോർട്ടുകൾ പറയുന്നു. ജമാഅത്ത് ഉൽ മുജാഹിദീൻ ബംഗ്ലാദേശ് എന്ന സംഘടനയിൽപ്പെട്ട ഭീകരവാദികളെയാണ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. കൊൽക്കത്ത തീവ്രവാദ വിരുദ്ധ സ്ക്വാഡും മു‍‌ർഷിദാബാദ് പൊലീസും ചേ‌ർന്നാണ് ഇവരെ വലയിലാക്കിയതെന്നും റിപ്പോർട്ട് പറയുന്നു.

Also Read- ആക്രമിക്കാൻ മിറാഷ്, പ്രതിരോധിക്കാൻ സുഖോയ്; പാകിസ്ഥാന്റെ ആകാശത്ത് ഇന്ത്യ ഒരുക്കിയ സന്നാഹങ്ങള്‍ ഇങ്ങനെ

പാകിസ്ഥാന്‍ സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനും ഇന്ത്യന്‍ സൈനികർ നൽകിയ ശക്തമായ തിരിച്ചടിയില്‍ അഞ്ച് പാക് പോസ്റ്റുകള്‍ തകരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയു ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ പുലർച്ചെ ഇന്ത്യന്‍ വ്യോമസേന നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ വെടിവയ്പും ആക്രമണവും പാക് സൈനികര്‍ ശക്തമാക്കിയത്. ജയ്ഷെ മുഹമ്മദ് താവളങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ അതിര്‍ത്തിയിലെ സുരക്ഷയും ഇന്ത്യ കനപ്പിച്ചിരുന്നു.

അതിനിടെ, പാക്കിസ്ഥാനിലെ കടന്നാക്രമണത്തിന് പിറകെ നടപടിക്ക് രാജ്യാന്തര പിന്തുണ നേടിയെടുക്കാനുള്ള ശ്രമം ഇന്ത്യ ശക്തമാക്കി. ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാൻ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. ഇതിന്റെ ഭാഗമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഫോണില്‍ ചര്‍ച്ച നടത്തി. അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപെയുമായി ചര്‍ച്ച നടത്തിയതായി സുഷമാ സ്വരാജ് ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നീക്കത്തിൽ ഒപ്പമുണ്ടെന്ന് വ്യക്തമാക്കിയ ഫ്രാൻസ്, ഇന്ത്യ – പാക് ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കണമെന്നും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം ഉൾപ്പെടെ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാനിര്‍ദേശമാണ് വ്യോമസേനയ്ക്കും കരസേനയ്ക്കും നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി ബി.എസ്. ധനോവ എന്നിവരുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചർച്ച നടത്തി.

Also Read: ‘അതൊരു ഭൂകമ്പമായിരുന്നു’: ഇന്ത്യയുടെ ബലാകോട്ട് ആക്രമണത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍

This post was last modified on February 27, 2019 11:16 am