X

പാകിസ്താന്‍ ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഎസ്; ഇന്ത്യയും പാകിസ്താനും സൈനികനടപടി ഒഴിവാക്കണം

ഇരു രാജ്യങ്ങളുടെ മന്ത്രിമാരോടും നിയന്ത്രണം പാലിക്കണം എന്നും ഒരു കാരണവശാലും യുദ്ധത്തിലേയ്ക്ക് നീങ്ങരുത് എന്നും പറഞ്ഞതായി മൈക്ക് പോംപിയോ വ്യക്തമാക്കി.

പാകിസ്താന്‍ ഭീകരപ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക. ഇന്ത്യയും പാകിസ്താനും സൈനിക നടപടി ഒഴിവാക്കണമെന്ന് യുഎസ് വിദേശകാര്യ സെക്ട്രറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാരായ സുഷമ സ്വരാജ്, ഷാ മഹ്മൂദ് ഖുറേഷി എന്നിവരുമായി സംസാരിച്ചതിന് ശേഷമാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ച് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യുഎസ് ഇടപെടല്‍.

തങ്ങളുടെ പ്രദേശത്തെ ഭീകരപ്രവര്‍ത്തനം തുടച്ചുനീക്കാന്‍ ശക്തമായ നടപടികള്‍ പാകിസ്താന്‍ സ്വീകരിക്കണമെന്ന് പാക് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടതായി പോംപിയോ പറഞ്ഞെന്ന് വിവിധ മാധ്യമ റിപ്പോട്ടുകളെ ഉദ്ധരിച്ച് എന്‍ഡിടിവി പറയുന്നു. ഇരു രാജ്യങ്ങളുടെ മന്ത്രിമാരോടും നിയന്ത്രണം പാലിക്കണം എന്നും ഒരു കാരണവശാലും യുദ്ധത്തിലേയ്ക്ക് നീങ്ങരുത് എന്നും പറഞ്ഞതായി മൈക്ക് പോംപിയോ വ്യക്തമാക്കി. വാഷിംഗ്ടണില്‍ പ്രസ്താവനയിലാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ ശ്രമിക്കണമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

പുല്‍വാമ ഭീകരാക്രണത്തിന് പിന്നാലെ കഴിഞ്ഞയാഴ്ച ഭീകരപ്രവര്‍ത്തനത്തിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ക്ക് യുഎസ് പിന്തുണ അറിയിച്ചിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ആണ് പിന്തുണ അറിയിച്ചത്.

This post was last modified on February 27, 2019 2:47 pm